ദെഹ്റാദൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ നാല്‍പ്പത്തിമൂന്നുകാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്കിയത് കള്ളക്കേസാണെന്ന് കോടതിക്ക് ബോധ്യമായതിനെത്തുടര്‍ന്നാണിത്. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പോക്സോ കേസില്‍ ഒന്നരവര്‍ഷത്തോളമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ജയില്‍വാസം അനുഭവിച്ചത്.
2021 നവംബര്‍ 18നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഒരു മാസത്തോളം താന്‍ സഹോദരന്റെ വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് മൂത്തമകളെ ഭര്‍ത്താവ് പലതവണ പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.
അമ്മയുടെ പരാതി ശരിവയ്‌ക്കുന്ന മൊഴിയാണ് മകളും നല്കിയത്. അച്ഛന്‍ പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പതിനഞ്ചു വയസുള്ള മകള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് അച്ഛനെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ കോടതിയിലെ വിചാരണക്കിടെ സംഭവം കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.
ദമ്പതിമാര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡനക്കേസിന് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളൊന്നും വൈദ്യപരിശോധനയില്‍ ലഭിച്ചിരുന്നില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്കിയ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുള്ള ഭൂമി അമ്മയ്‌ക്ക് നല്ല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായും ഇതിനുശേഷമാണ് മൂത്തസഹോദരി അച്ഛനെതിരേ പീഡന ആരോപണം ഉന്നയിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴിയായി നല്കിയത്. അമ്മയുടെ നിര്‍ബന്ധത്തിലാണ് ചേച്ചി ഇങ്ങനെ പരാതി ഉന്നയിച്ചതെന്ന് പത്തുവയസ്സുകാരി കോടതിയില്‍ പറഞ്ഞതും നിര്‍ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: