ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയില്‍ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. കവുങ്ങിന് തടിയില്‍ വാഴക്കച്ചി, തെങ്ങോല, പടക്കം, ദേവിക്ക് ഒരുവര്‍ഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാര്‍ത്തിക സ്തംഭം ഉണ്ടാക്കിയത്.
നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാര്‍ത്തിക സ്തംഭം കത്തിക്കല്‍ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളില്‍ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
കാര്‍ത്തിക സ്തംഭത്തിനായുള്ള കവുങ്ങിന് തടി നെടുമ്പ്രം പടാരത്ത് വീട്ടില്‍ രാധാമണിയാണ് നല്‍കിയത്. കൊട്ടും കുരവയും വാദ്യഘോഷത്തിന്റേയും അകമ്പടിയിലാണ് കവുങ്ങിന് തടി ക്ഷേത്രത്തില്‍ എത്തിച്ചത്. പൊങ്കാല ദിനമായ 27 ന് വൈകിട്ട് 6.30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി ആനന്ദബോസ് സ്തംഭം അഗ്നിക്ക് ഇരയാക്കും.
കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ചടങ്ങിന് മുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദൃര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഭദ്രദീപംതെളിച്ചു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ്, സ്വാമിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: