ചെന്നൈ: വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലാണ് അരുംകൊല. സംഭവത്തിൽ അമ്മ പ്രബിഷ, കാമുകൻ മുഹമ്മദ് സദാം ഹുസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മക്കളുടെ മാതാവാണ് പ്രബിഷ. ഭർത്താവുമൊത്ത് കഴിയുന്നതിനിടെയാണ് ഹുസൈനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇളയമകനെയും കൂട്ടി ഹുസൈനൊപ്പം നാടുവിടുകയായിരുന്നു. പ്രബിഷയും കാമുകനും സ്ഥിരമായി രാത്രിയിൽ മദ്യപിച്ചിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വിശപ്പ് കാരണം എഴുന്നേറ്റ് കരഞ്ഞു. മദ്യലഹരിയിലായിരുന്ന ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. കരച്ചിൽ നിർത്താത്തതിനെ തുടർന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി.
അനക്കമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: