”…. സ്വര്‍ഗവാതില്‍ പക്ഷി ചോദിച്ചു
ഭൂമിയില്‍ സത്യത്തിനെത്ര വയസായി
…………യാഞ്ജവല്ക്യന് നിന്നു പാടി
സ്വര്‍ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം…”
(സത്യത്തിനെത്ര വയസ്സായി)
സത്യത്തെ സ്വര്‍ണം കൊണ്ടും സ്വര്‍ണത്തെ രാഷ്ട്രീയം കൊണ്ടും മൂടുന്ന ഈ സത്യാനന്തര ക്യാപ്സൂള്കാലത്ത് ആദ്ധ്യാത്മികാചാര്യന്മാര് പടുത്തുയര്‍ത്തിയ കേരള നവോത്ഥാനത്തിന്റെ ആത്മീയമൂല്യങ്ങളെ നിരാകരിച്ചു കൊണ്ട് ഇടതുവല്ക്കരിക്കരിക്കുന്ന രാഷ്ടീയ അപനിര്മ്മിതികള്ക്കെതിരേ വയലാറിന്റെ ശബ്ദം ഒരു താക്കീതായി മുഴങ്ങുന്നു …….
”…ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്മാര്ഗ്ഗം മുടക്കുവാന്‍ …
ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാ-
ദിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍.”
(അശ്വമേധം)
ശ്രീശങ്കരന്റെയും എഴുത്തച്ഛന്റെയും ശ്രീനാരായണ ഗുരുദേവന്റെയും ആദ്ധ്യാത്മിക പാരമ്പര്യത്തെ ഭാസുരമാക്കുന്ന വയലാറിന്റെ വരികളില്‍ മുഴങ്ങുന്നത് നവോത്ഥാനപാഞ്ചജന്യമാണ്..
”ഒരു മതമൊരു ജാതി… മനുഷ്യര്‍-
ക്കൊരു കുലമൊരു ദൈവം
ഒരു മതമൊരു ജാതി-
ശിവഗിരിയുടെ ശബ്ദം
ചിന്താ വിപ്ലവ ശബ്ദം…
മണ്ണില്‍നിന്നു മനുഷ്യനെ വാര്‍ത്തൊരു
മഹര്‍ഷിയുടെ ശബ്ദം…” (ചിത്രം- അച്ഛനും ബാപ്പയും 1972)
എന്നും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരകനായിരുന്നു വയലാര്‍. ഇടതു പ്രസ്ഥാനങ്ങള്‍ ഗുരുവില്‍നിന്ന് അകലം പാലിച്ചിരുന്നപ്പോഴും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ പുരുഷനായി തന്റെ കവിതകളില്‍ ഗുരുവിനെ വയലാര്‍ പ്രതിഷ്ഠിച്ചു.
അ ”ശിവഗിരിക്കുന്നില്‍
കത്തിച്ച വിളക്കത്തു
വിശ്വ സൗഹാര്‍ദ്ദത്തിന്റെ
യജ്ഞമൊന്നാരംഭിച്ചു!
നിന്നു കത്തുന്നൂ, പോയ-
നൂറ്റാണ്ടാ ശിവഗിരി-
ക്കുന്നിന്മേല്‍ കൊളുത്തിയ
വിളക്കിന് ജ്വാലാനാളം!” (ശ്രീനാരായണ ഗുരു)
ഗുരുവിന്റെ വിശ്വമാനവികതയില്‍ നിന്ന് ഉണരുന്ന ഗാനമാണ് താനെന്നു കവി ഗുരുവില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് പറയുന്നു. ഗുരുവിനെ പ്രകീര്‍ത്തിക്കുന്ന വയലാറിന്റെ പ്രശസ്തമായൊരു ഗാനം 1974ല്‍ ഇറങ്ങിയ ഉദയായുടെ ‘ദുര്‍ഗ’ എന്ന ചിത്രത്തിലുണ്ട്. അരനൂറ്റാണ്ടായി കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന ഏറ്റവും ജനപ്രീതി നേടിയ വയലാര്‍ ഗാനമാണിത്.
”ഗുരുദേവാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ
ശിരസ്സില്‍ ശ്രീപാദപുഷ്പങ്ങള്‍ ചൂടിയ
ശിവഗിരി തേടി വരുന്നു ഞങ്ങള്‍ ഗുരുകുലം തേടി വരുന്നു
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു തിരുക്കുറല്‍ പാടിയ ഗുരുദേവ…
നിന് തിരുനാമം ജയിക്കട്ടേ നിന്റെ വെളിച്ചം നയിക്കട്ടേ
പുലരട്ടെ പുലരട്ടെ പുതിയൊരു ധര്‍മം പുലരട്ടെ”
1966 ല്‍ ഇറങ്ങിയ ‘കൂട്ടുകാര്‍’ എന്ന ചിത്രത്തിന് ശീര്‍ഷകമായി എഴുതിയ ഗാനവും ഗുരുദേവസൂക്തങ്ങളെ ഉപജീവിച്ചുകൊണ്ടുള്ളതാണ്.
”….ഒരു ജാതി ഒരു മതം ഒരു ദൈവം
ഓര്മ വേണമീ അദൈ്വത മന്ത്രം…
സന്ധ്യാനാമം ചൊല്ലുമ്പോള്‍
അന്തിവിളക്കു കൊളുത്തുമ്പോള്‍…
മതമേതായാലും ജാതിയേതായാലും
മനുഷ്യന് മറക്കരുതീ മന്ത്രം….”
നാരായണീയം രചിച്ച മേല്‍പ്പുത്തൂരിനെ വാഗാര്‍ത്ഥ സ്വരൂപിയായ കവിയെന്ന് വാഴ്ത്തിക്കൊണ്ട് കവിതയില്‍ വെറും ശിശുവായ താന്‍ മേല്പ്പുത്തൂരിന് മുന്പില് എഴുത്തിനിരിക്കാന്‍ വന്നു എന്ന് പ്രണമിക്കുകയാണ് ‘മീന്‍ തൊട്ടുകൂട്ടിയ പട്ടേരി’ എന്ന കവിതയില്‍. ഗുരുവായൂരിലെ നാരായണീയ സമ്മേളനത്തില്‍ വയലാര്‍ വായിച്ച കവിതയാണിത്.
”ഭാരത സംസ്കാരത്തിന്
ഋക് സൂക്തസ്കന്ധങ്ങളില്
വേരോടിയിരുന്നൊരാ
പാണ്ഡിത്യപ്രഭാവത്തെ
മനസ്സില്‍ ബോധാബോധ-
തലങ്ങളില്ക്കുള്ളില് ജ്ഞാന-
ഖനികള്‍ നിര്മിച്ചൊരാ
പ്രക്രിയാ സര്‍വസ്വത്തെ
ആ മഹസ്സിരുന്നോരു
കൊച്ചു മണ്ഡപത്തിന്റെ
പൂമുഖ,ത്തെന്നാത്മാവൊ-
രൊറ്റപ്പൂമൊട്ടായ് നില്പൂ!”
ഭക്തിയെക്കാള്‍ തനിക്കിഷ്ടം വിഭക്തിയാണെന്ന് വയലാര്‍ പറയുന്നത്.
”ഭഗവാന് പറഞ്ഞാലും
ഭക്തിയേക്കാള്‍ ഞാനിഷ്ട-
പ്പെടുന്നൂ, മേല്പത്തൂരിന്
ധന്യമാം വിഭക്തിയെ.”
വയലാര്‍ ഒരിക്കലും വിഗ്രഹഭജ്ഞകനായിരുന്നിട്ടില്ല; യുഗസംക്രമങ്ങള്‍ മരുഭൂമിയില്‍ വളര്‍ത്തുന്ന തണല്‍ മരങ്ങളാണ് വിശ്വാസങ്ങളെന്ന് കവി പറഞ്ഞു. എല്ലാ മരങ്ങളിലും ബോധിവൃക്ഷത്തെ ദര്‍ശിച്ചുകൊണ്ട് വയലാര്‍ ഹിംസയ്ക്കെതിരെ ശബ്ദിക്കുന്ന ഒരു ഗാനം എഴുതിയിട്ടുണ്ട്.
”…വിഗ്രഹഭഞ്ജകരേ, അരുതേ, അരുതേ,
വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ…കൊല്ലരുതേ…!
പുരുഷാന്തരങ്ങള്‍ മുഖച്ഛായ നല്‍കും
ഒരു മണല്‍ബിംബവും ഉടയ്ക്കരുതേ!
അവയുടെ ധൂസരധൂളികള്‍ വീണ്ടുമൊ-
രവതാര പുരുഷനായ് സ്വയമുണരും…”
(ചിത്രം: തനിനിറം-1973)
ഹിംസയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ തന്റെ നിലപാട് വയലാറിന്റെ കവിതകളില്‍ ആവര്‍ത്തിക്കുന്ന പ്രബോധനമാണ്.
”….മൃഗം…മൃഗം.. ക്രൂരമൃഗം
മനുഷ്യനിപ്പോഴും വന്യമൃഗം
അവന്നു ചൂടാന്‍ പൂവുകള്‍ നല്കി
പ്രപഞ്ച ശില്പി
പൂക്കളവന്‍ ചൂടയെറിഞ്ഞു
പുലരികളൂതിയണച്ചു
അവന്റെ ദാഹം, ഘാതകദാഹം… (ചിത്രം: തേനരുവി-1973)
യുദ്ധകാണ്ഡമല്ല ശാന്തി പര്‍വമാണ് അക്രമോത്സുകമാകുന്ന ഇന്നത്തെ സഗ്രാമകാലത്ത് ആവശ്യമെന്ന് ‘വിശറിക്കു കാറ്റുവേണ്ട’ എന്ന ഒരു പഴയകാല നാടകത്തിന്റെ അവതരണഗാനത്തില്‍ ആശംസിക്കുന്നുണ്ട്.
”…മാനവധര്‍മം തകര്ന്നുവീണേക്കുമീ
ഭാരത സംസ്കാര യുദ്ധകാണ്ഡങ്ങളില്‍
പുത്തനുഷസ്സില്‍ പ്രിയപാഞ്ചജന്യവും
അഷ്ടമംഗല്യത്തളികയുമായിതാ
ഞങ്ങള്‍ പുതിയൊരു ശാന്തിപര്‍വത്തിന്റെ
രംഗവിളക്കു കൊളുത്തുന്നു പിന്നെയും…”
ആയിരം യുഗങ്ങളുടെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ പുതിയ കാലത്തിന്റെ ഉണര്‍ത്തുപാട്ടുകള്‍ പാടുന്നതെന്ന് കവി തന്നെ സ്വയം പ്രഖ്യാപിക്കുന്നുണ്ട്.
”…ആ നേര്‍ത്ത ചൂളത്തിന്റെ ഗാനവീചിയിലുണ്ടൊ-
രായിരം യുഗങ്ങളില്‍ ജീവിച്ച ചൈതന്യങ്ങള്‍
ഉണരും നൂറ്റാണ്ടിന്റെയറിവിന് മൂശയ്ക്കുള്ളി-
ലുരുകിപ്പതം വന്ന ബോധമണ്ഡലവുമായ്
എന്നിലിക്കേള്ക്കും ശബ്ദമീ പ്രപഞ്ചത്തിന് പ്രതി-
സ്പന്ദമാ;-ണങ്ങനെ മാറ്റൊലിക്കവിയായ് ഞാന്‍!”
(ഒരു മാറ്റൊലിക്കവി)
മലയാറ്റൂര്‍ രാമകൃഷ്ണന് അഗ്രഹാരങ്ങളെപ്പറ്റി എഴുതിയ കഥയാണ് പി.എന്‍. മേനോന് സാക്ഷാല്‍ക്കരിച്ച ചിത്രം ‘ഗായത്രി’ (1973). മലയാറ്റൂര്‍, വയലാര്‍, ദേവരാജന്‍, യേശുദാസ്, പി.എന്‍.മേനോന് എന്നീ പഞ്ചപ്രതിഭകള്‍ ഒന്നിച്ചപ്പോള്‍ മലയാളത്തിന് എക്കാലത്തെയും മികച്ച നവോത്ഥാന ഗാനം ലഭിച്ചു. ”പത്മതീര്‍ത്ഥമേ ഉണരൂ… മാനസമേ പത്മതീര്‍ത്ഥമേ ഉണരൂ…” കേരള തലസ്ഥാന നഗരിയില്‍ ചരിത്രത്തിന്റെ ഘനം പേറി നില്ക്കുന്ന ശ്രീപത്മനാഭ സന്നിധിയില്‍ ജലരാശിയായി കാലത്തിന് സാക്ഷിനില്ക്കുകയാണ് പത്മതീര്‍ത്ഥം.
പ്രഭാതകിരണം നെറ്റിയിലണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍ സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങള്‍ തുടങ്ങിയ കല്പ്പനകളാല് ഈ ഗാനത്തിലുടനീളം ഹൈന്ദവാന്തരീക്ഷം അലയടിക്കുന്നു. മന്ത്രമുഖരിതമായ യാഗശാലയില്‍ നിന്നുയരുന്ന ശംഖധ്വനിപോലെയാണ് ഈ ഗാനത്തിന്റെ ആലാപനം. ഗാനത്തിന്റെ ആദ്യമധ്യാന്തങ്ങള് ഗായത്രീമന്ത്ര ഘോഷങ്ങള്കൊണ്ട് ഭക്തിപൂരിതമാണ്.
താമര ഉണര്‍വിന്റെ സൗന്ദര്യബിംബമായി വയലാര്‍ കവിതകളില്‍ വിരിയാറുണ്ട്. താമരകള്‍ നിറഞ്ഞ തീര്‍ത്ഥം എന്നാണ് ‘പത്മതീര്‍ത്ഥ’ത്തിന്റെ അര്‍ത്ഥം. പുതിയ കാലത്തിന്റെ ഉഷസ്സിനെ വരവേല്‍ക്കാന്‍ മാനസപത്മതീര്ത്ഥത്തോട് അര്‍ത്ഥന ചെയ്യുന്നു ഈ ഗാനം.
”….പത്മതീര്‍ത്ഥമേ ഉണരൂ
അഗ്നിരഥത്തിലുദിക്കുമുഷസിന്
അര്‍ഘ്യം നല്‍കൂ…
ഗാന്ധര്‍വ സ്വരരംഗയൊഴുക്കൂ…
ഗായത്രികള്‍ പാടൂ….
(ചിത്രം: ഗായത്രി-1973)
ഗായത്രീമന്ത്രം ഉരുക്കഴിച്ചുകൊണ്ട് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഗാനമാണിത്. ഉദയത്തെ ഉപാസിക്കുന്നതാണ് ഗായത്രീജപം. ധിഷണയെ ഉണര്‍ത്തുന്ന സൂര്യന്റെ ഉദയത്തില്‍ സംസ്കാരത്തിന്റെ താമര വിരിയുന്നു. പുതിയൊരു പുരുഷാര്‍ത്ഥത്തിനെ യാഗപ്പുരകളില്‍ വെച്ചു വളര്‍ത്താന്‍, ഭാരതജീവിതമുണരാന് മാനസ പത്മതീര്‍ത്ഥമേ ഉണരൂ…
(അടുത്തത്: വര്‍ണം ഹരിതം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: