കോയമ്പത്തൂര്‍ : പെര്‍മിറ്റ് ലംഘനത്തിന് റോബിന് ബസിനെ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന് ബസിന് കേരള മോട്ടോര്‍ വാഹന വകുപ്പ് ഇന്നും പിഴയിട്ടു.പെര്‍മിറ്റ് ലംഘനത്തിന് തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തി.റോബിന് ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം നാലു തവണഎംവിഡി തടഞ്ഞ് പിഴയിട്ടിരുന്നു. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴയിട്ടു. നിയമപോരാട്ടത്തിന് തയാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.
ഓരോ സ്ഥലത്തും മുക്കാല്‍മണിക്കൂറോളം തടഞ്ഞിട്ടാണ് ബസ് പരിശോധിച്ചത്. ബസിന് പിഴയിട്ടെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തിട്ടില്ല. ബസ് പിടിച്ചെടുക്കരുതെന്ന് കോടതി ഉത്തരവുണ്ട്. വഴിനീളെ നിരവധിപ്പേരാണ് റോബിന് ബസിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. തൊടുപുഴയിലെത്തിയ ബസിന് ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. മുന്‍പ് രണ്ടുതവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ പറഞ്ഞു.
കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുളള റോബിന് ബസ് സ്റ്റേജ് കാര്യേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് പെര്‍മിറ്റില്ലാതെ ബോര്‍ഡ് വച്ച് യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനാണ് 7500 രൂപ പിഴ ചുമത്തുന്നതെന്ന് എംവിഡി നല്കിയ ചെലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിംഗ് ആരംഭിക്കുകയായിരുന്നു. ബസിന് അഖിലേന്ത്യാ പെര്‍മിറ്റ് ഉണ്ടെന്നാണ് ഉടമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: