തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ദിവ്യാംഗര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്കുമ്പോള് സംസ്ഥാനസര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സക്ഷമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച ഭിന്നശേഷി ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഭിന്നശേഷി സമൂഹത്തിന് നാലുമാസമായി ക്ഷേമപെന്ഷന് അനുവദിച്ചിട്ടില്ല. സാങ്കേതികതയുടെ പേരില്‍ കൊല്ലത്ത് ഭിന്നശേഷിക്കാരനായ മണിദാസ് എന്ന യുവാവിന് 12 വര്‍ഷം ക്ഷേമപെന്ഷന് നല്കിയ ഇനത്തില്‍ ഒന്നര ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഭിന്നശേഷി യുവാവ് സംസ്ഥാന ധനമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ് തുടര്‍ നടപടി ഉണ്ടാകാതിരുന്നത്. ഇതൊന്നും കാണാതെ ആഡംബര ബസ് യാത്ര സംഘടിപ്പിട്ടിച്ചിട്ട് എന്തുകാര്യമെന്നും മന്ത്രി വിമര്‍ശിച്ചു.
ദിവ്യാംഗര്‍ക്ക് ആത്മാഭിമാനത്തോടും അന്തസോടും ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്ന നൈപണ്യ വികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കിക്കൊണ്ടിരിക്കുന്നത്. 2016 ഡിസംബര്‍ 17ന് ആണ് ദിവ്യാംഗരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള നിയമം ഭാരതം നടപ്പാക്കിയത്.
വിദ്യാഭ്യാസവും നൈപുണ്യ വികസനവും തൊഴില്‍ ലഭ്യമാക്കലും അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണവും ഈ നിയമം പ്രതിപാദിക്കുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവ്യാംഗരുടെ പരിധി ഉയര്‍ത്തിയതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ശ്രവണശേഷി കുറഞ്ഞവര്‍ക്കുവേണ്ടി പൊതു ആംഗ്യഭാഷ അംഗീകരിച്ച് നടപ്പാക്കിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് വികസിത രാജ്യമാകാനുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ദിവ്യാംഗസമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സക്ഷമ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദ്രാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ വിശിഷ്ടാതിഥിയായിരുന്നു. സക്ഷമ സംസ്ഥാന പ്രസിഡന്റ് എന്‍.ആര്. മേനോന്, ദേശീയ ഉപാധ്യക്ഷ ഡോ.ആശാ ഗോപാലകൃഷ്ണന്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി പി. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. മൂവാറ്റുപുഴ സബൈന്‍ ഹോസ്പിറ്റല്‍ എംഡി ഡോ. സബൈന്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: