ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കം തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ രക്ഷാ ദൗത്യമായി ഉത്തരകാശിയിലേത്. രക്ഷാദൗത്യച്ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം പൂര്‍ണമായും പിഎംഒ തുടങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള മറ്റു മാര്‍ഗങ്ങളും തേടും.
തുരങ്കത്തിനു മുകളില്‍ക്കൂടിയും രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി തുരങ്കത്തിന്റെ മുകളില്‍ സ്ഥലം അടയാളപ്പെടുത്തി. അടയാളപ്പെടുത്തിയ പ്രദേശത്തു നിന്ന് താഴേക്ക് ഡ്രില്‍ ചെയ്ത് കുടുങ്ങിക്കിടക്കുന്നവരുള്ളിടത്തേക്ക് എത്തുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ 300-350 അടി താഴ്ചയില്‍ ഡ്രില്‍ ചെയ്യണം. പുതിയ മാര്‍ഗത്തില്‍ നാലഞ്ചു ദിവസം കൊണ്ടേ തൊഴിലാളികളുടെ സമീപത്തെത്താനാകൂ. ഇന്‍ഡോറില്‍ നിന്ന് വിമാന മാര്‍ഗമെത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രത്താല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ശ്രമം.
അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് യന്ത്രത്തില്‍ ലോഹപാളികള്‍ തട്ടിയതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രി തുരങ്കത്തില്‍ നിന്ന് വലിയ ശബ്ദവും കേട്ടിരുന്നു. ഇതോടെ തുരങ്കത്തില്‍ പുതിയ വിള്ളല്‍ രൂപപ്പെട്ടു. കൂടുതല്‍ മണ്ണിടിഞ്ഞതായും സംശയമുണ്ട്. തുരങ്കത്തിലെ മണ്ണു നീക്കല്‍ നിര്‍ത്തിവച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ചിലുണ്ടായാല്‍ ദൗത്യസംഘത്തെ രക്ഷിക്കാനുള്ള കുഴലുകളും സ്ഥാപിക്കുന്നു. അതിനു ശേഷമാകും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള കുഴലുകള്‍ സജ്ജമാക്കുക. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഘില്‍ദിയാല്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
തൊഴിലാളികള്‍ സുരക്ഷിതര്‍
തൊഴിലാളികള്‍ക്കു വെള്ളവും ഭക്ഷണവും ഓക്സിജനും ലഭ്യമാക്കുന്നുണ്ട്. ഡ്രൈ ഫ്രൂട്ട്സ് അടക്കമുള്ളവയാണ് നല്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. രക്ഷാദൗത്യത്തിന് വേഗം കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 40 അല്ല, 41 പേര്‍ ടണലിനുള്ളിലുണ്ടെന്ന് ശനിയാഴ്ച ജില്ലാ ഭരണകൂടം കണ്ടെത്തി.
ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, യുപി, ബംഗാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നവര്‍. 12ന് പുലര്‍ച്ചെയാണ് ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകരുന്നത്. നാലര കിലോമീറ്റര്‍ തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: