അര്ജുന് മുണ്ട
കേന്ദ്ര ഗോത്രകാര്യ മന്ത്രി
വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമ ഭൂമിയായ ഇന്ത്യ, രാഷ്ട്രസ്വാതന്ത്ര്യത്തിനായി പോരാടിയ ധീരയോദ്ധാക്കളുടെ ശൗര്യത്തെയും ത്യാഗത്തെയും സ്മരിക്കുന്നതില്‍ ഏറെ അഭിമാനം കൊള്ളുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനായി ഗോത്ര സമൂഹങ്ങള്‍ നല്കിയ ഗണ്യമായ സംഭാവനകളും അവരുടെ പോരാട്ടങ്ങളും ഈ ആഘോഷങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ആദിവാസി സമൂഹങ്ങളുടെ വീരഗാഥകള്‍ അംഗീകരിക്കപ്പെടാന്‍ ഗോത്ര സമൂഹങ്ങളോടും സംസ്കാരത്തോടും അചഞ്ചലമായ ആദരവും മമതയും പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സവിശേഷ പരിശ്രമങ്ങള്‍ വേണ്ടിവന്നു.
ഈ ദിശയില്‍ ശക്തമായ സന്ദേശം നല്‍കുന്നതിനായി, ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മവാര്ഷിക ദിനത്തെ ‘ജന്‍ ജാതിയ ഗൗരവ് ദിവസ്’ ആയി അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യവ്യാപകമായി, ഗോത്ര സമൂഹങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് ഈ ദിനം സമര്‍പ്പിക്കപ്പെട്ടത്. ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മദിനം അത്യന്തം ആദരവോടെയും ഉത്സാഹത്തോടെയും പ്രമാണികതയോടെയും ‘ജനജാതിയ ഗൗരവ് ദിവസ്’ ആയി ആഘോഷിച്ചു. ഗോത്ര ജനവിഭാഗങ്ങളുടെ സമ്പന്നമായ പൈതൃകത്തെ അഭിനന്ദിക്കാനും സ്വീകരിക്കാനും രാഷ്ട്രം ഒത്തുചേരുന്ന വൈകാരിക നിമിഷമാണിത്.
കാടിന്റെ സംരക്ഷകന്‍ മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ സ്വന്തം അനുയായികള്‍ക്കൊപ്പം ത്യാഗം അനുഷ്ഠിച്ച് സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളുടെ കാവലാളായി നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു ഭഗവാന് ബിര്‍സ മുണ്ട. അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി രാജ്യത്തിന്റെ വിവിധ കോണുകളില്‍, ബ്രിട്ടീഷ് ഭരണത്തെ സധൈര്യം നേരിടാനും ചെറുത്തുതോല്‍പ്പിക്കാനുമുള്ള അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ഗോത്ര സമൂഹങ്ങള്‍ പ്രകടിപ്പിച്ചു. ആശ്ചര്യകരമെന്നു പറയട്ടെ, ബ്രിട്ടീഷുകാര്‍ക്കെതിരായ ഏറ്റവും ആദ്യത്തേതും ശക്തവുമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്നത് രാജ്യത്തിന്റെ കാനന ഹൃദയങ്ങളില്‍ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും വെള്ളം, വനം, ഭൂമി എന്നിവയെ ചുറ്റിപ്പറ്റി ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഗോത്ര സമൂഹങ്ങളില്‍ നിന്നാണ്.
തിലക മാഞ്ചിയുടെ നേതൃത്വത്തിലുള്ള ‘പഹാഡിയ പ്രസ്ഥാനം’ മുതല്‍ ബുദ്ധു ഭഗതിന്റെ നേതൃത്വത്തിലുള്ള ‘ലര്‍ക്ക ആന്ദോളന്’ വരെയും, സിദ്ധു മുര്‍മുവും കന്‍ഹു മുര്‍മുവും നയിച്ച ‘സന്താള്‍ ഹുല്‍ പ്രസ്ഥാനവും’, റാണി ഗൈഡിന്‍ലിയുവിന്റെ നേതൃത്വത്തിലുള്ള ‘നാഗ പ്രസ്ഥാനവും’, അല്ലൂരി സീതാറാം രാജു ജ്വലിപ്പിച്ച ‘റമ്പാ പ്രസ്ഥാനവും’, കോയ ഗോത്ര വര്‍ഗ്ഗക്കാരുടെ കലാപവും, ഗോവിന്ദ് ഗുരു നേതൃത്വം നല്കിയ ‘ഭഗത്’ പ്രസ്ഥാനവും- ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ വിപുലമായ ചരിത്രത്തില്‍ ഗോത്ര സമൂഹത്തിന്റെ മായാത്ത മുദ്രകള്‍ പതിപ്പിച്ചു.
ഭൂമിയുടെ പിതാവ് അഥവാ ‘ധര്‍ത്തി ആബ’ എന്നറിയപ്പെട്ടിരുന്ന ബിര്‍സ മുണ്ട, ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി-സിഎന്‍ടി നിയമം നടപ്പിലാക്കാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കും വിധമുള്ള ശക്തമായ പോരാട്ടം മാതൃരാജ്യത്തിനായി നടത്തി. ഈ സുപ്രധാന നിയമനിര്‍മ്മാണം ‘ഭൂയിഹര്‍ ഖുന്തിന്’ കീഴില്‍ പൂര്‍വ്വിക വനാവകാശങ്ങള്‍ സംരക്ഷിച്ച് കുടിവെള്ളം, വനം, ഭൂമി എന്നിവയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കി. ഭഗവാന് ബിര്‍സ മുണ്ടയുടെ നിരന്തര പോരാട്ടത്തോടുള്ള ആദരസൂചകമായും ആദിവാസി മേഖലയിലെ ചരിത്രപരമായ അനീതികള്‍ പരിഗണിച്ചും, ഇന്ത്യന്‍ പാര്‍ലമെന്റ് വനാവകാശ നിയമം നടപ്പിലാക്കി. സ്വയം ഭരണ സംവിധാനമുള്ള തന്റെ സമൂഹത്തെ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയെന്നതായിരുന്നു ബിര്‍സ മുണ്ടയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു.
ഗോത്ര സമൂഹത്തെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുന്നത് ഭഗവാന് ബിര്‍സ മുണ്ടയുടെ കാലാതീതമായ ആശയങ്ങളെ സാക്ഷാത്കരിക്കുന്നതിന് തുല്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, സംരക്ഷണം മാത്രമല്ല, ഗോത്ര സമൂഹത്തിന്റെ സംസ്കാരിക സമ്പന്നതയെ അഭിമാനത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. സാമൂഹിക സൗഹാര്‍ദ്ദവുമായി ഇഴചേര്‍ന്നു പോകുന്ന പുനഃസ്ഥാപന പ്രക്രിയയ്ക്ക് ഭാരത സര്‍ക്കാരിന്റെ വനാവകാശ നിയമം കാര്യമായ ഊന്നല്‍ നല്കുന്നു. ഒരു പ്രത്യേക വിഭാഗത്തിന് സവിശേഷ അവകാശങ്ങള്‍ നല്‍കുന്നതിനുപകരം, മുഴുവന്‍ മാനവ സമൂഹത്തെയും തുല്യ പങ്കാളികളായി അംഗീകരിക്കുന്നു. വൈവിധ്യമാര്‍ന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍, പ്രശ്നങ്ങളെ സംവേദനക്ഷമതയോടെ അഭിസംബോധന ചെയ്യുകയെന്നത് പരമപ്രധാനമാണ്. പ്രകൃതിയുടെ സൂക്ഷ്മമായ പരസ്പരാശ്രിതത്വത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ ഇന്ത്യക്കാരും ബാധ്യസ്ഥരാണ്. ഇത് ഭഗവാന് ബിര്‍സ മുണ്ടയുടെ സവിശേഷ തത്ത്വചിന്തയുടെ പ്രതിഫലനം തന്നെയാണ്.
ഇന്ത്യയിലെ ഗോത്ര സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവരുടെ സുപ്രധാന സംഭാവനകളെയും പരിഗണിക്കുന്നതിലും ആദരിക്കുന്നതിലും ഒരു സുപ്രധാന ചുവടുവയ്പ്പാണ് ജന്‍ജാതിയ ഗൗരവ് ദിവസ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള സര്‍ക്കാരിന്റെ സമര്‍പ്പണത്തെ ആചരണം അടിവരയിടുന്നു. നയങ്ങള്‍, പരിപാടികള്‍, നിയമങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെ, പ്രസ്തുത സാമൂഹിക വിഭാഗങ്ങളെ ഉയര്‍ത്താനും ചരിത്രപരമായ അനീതികള്‍ തിരുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഇന്ത്യന്‍ ഭരണഘടന നിര്‍ണായക പങ്ക് വഹിക്കുന്നു.
നൂറ്റാണ്ടുകളായി, തനത് പാരമ്പര്യത്തിനും സംസ്കാരത്തിനും സമ്പന്നമായ പൈതൃകത്തിനും ഉടമകളാണ് ഗോത്ര സമൂഹങ്ങള്‍. ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, സാമൂഹിക-സാംസ്കാരിക സംവിധാനങ്ങള്‍ എന്നിവയിലേക്ക് ആഴ്ന്നിറങ്ങാനുള്ള അദ്വിതീയമായ അവസരം ജന്‍ജാതിയ ഗൗരവ് ദിവസിലൂടെ സാക്ഷാത്കരിക്കുന്നു. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലെ ഗോത്ര സമൂഹങ്ങളുടെ നിര്‍ണായക പങ്ക് രാഷ്ട്രം കൂടുതല്‍ അംഗീകരിക്കുന്നു. ഈ സുവര്‍ണ്ണകാലത്തെ മുന്നോട്ടുള്ള പ്രയാണത്തില്‍, അവരുടെ മഹത്തായ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സ്വയം പ്രതിജ്ഞാബദ്ധരാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: