ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ വ്യാപാര കൊള്ള. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്ന് തീര്‍ത്ഥാടകര്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവരില്‍ നിന്ന് പണം ഈടാക്കുന്നത് തോന്നിയപോലെ. ചായയ്ക്ക് പോലും 30 രൂപയ്ക്ക് മുകളില്‍ തീര്‍ത്ഥാടന പാതയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഈടാക്കുന്നു.
ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് വ്യാപാരികളുടെ കൊള്ളയ്ക്ക് ഇരയാവുന്നതില്‍ അധികവും. വലിയ തോതില്‍ പണം ഈടാക്കുന്നത് ചോദ്യം ചെയ്താല്‍ അവര്‍ക്ക് നേരെ തട്ടിക്കയറുന്നതും പതിവാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വില വിവര പട്ടിക അടക്കം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ ഒരു വിഭാഗം വ്യാപാരികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് സമാനമായ നിലയില്‍ അമിത വില ഈടാക്കിയതിന് നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കിയിരുന്നു. അടിയന്തരമായി അധികൃതര്‍ പരിശോധന ആരംഭിക്കണമെന്നും വ്യാപാരികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടു.
ശുചീകരണവുമായി പവിത്രം ശബരിമല
ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും ശുചിയാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പദ്ധതിയായ പവിത്രം ശബരിമലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: