Categories: Kerala

ചക്കുളത്തുകാവ് പൊങ്കാല 27 ന്; കാര്‍ത്തികസ്തംഭം 19 ന് ഉയരും

Published by

കോട്ടയം: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 27 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം 19 ന് ഉയരും.

27 ന് പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യകാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകര്‍ന്ന് പൊങ്കാലയ്‌ക്ക് തുടക്കംകുറിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നവരുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

11 ന് 500 ലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനം, തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷനാകും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയാകും. രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മംഗളാരതിയും സമര്‍പ്പിക്കും. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നിപകരും. പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ചും ഹരിതചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മീഡിയ കോഓര്‍ഡിനേറ്റര്‍ അജിത്ത്കുമാര്‍ പിഷാരത്ത്, ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.പി രാജീവ,് സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by