തിരുവനന്തപുരം: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍ നിന്ന് പലിശരഹിത വായ്‌പ എടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ ഉത്തരവ് നാണംകെട്ട് പി
ന്‍വലിച്ചു. ഈ മാസം 15 നാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിറക്കിയത്. പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമായിരുന്നു സമിതിക്കുള്ള നിര്‍ദേശം. പ്രധാന അധ്യാപകര്‍ക്കാണ് സമിതിയുടെ ചുമതല നല്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.
വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളില്‍ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദേശം. പിടിഎ പ്രസിഡന്റ്, മാനേജര്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേര്‍ അംഗങ്ങളായ സമിതി വേണം. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതി. രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പൗരപ്രമുഖര്‍ എന്നിവരില്‍ നിന്നം പലിശരഹിത സാമ്പത്തിക സഹായം ലഭ്യമാക്കണം, ഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്ക് സമിതിക്ക് പ്രധാന അധ്യാപകന്‍ പണം തിരിച്ചുനല്കണം എന്നിവയായിരുന്നു നിര്‍ദേശം.
ഇതിനെതിരെ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. സര്‍ക്കാര്‍ പണം നല്കാത്തതിനാല്‍ ഉച്ചഭക്ഷണം നല്കുന്നതിന് പ്രധാന അധ്യാപകര്‍ വലിയ കടക്കെണിയിലായിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ കുടിശിക നല്കിയത്. ഒക്ടോബറിലെ പണം ഇനിയും കിട്ടാനുണ്ട്. ഇതിന് പിന്നാലെയാണ് സമിതി രൂപീകരിക്കാന്‍ ഉത്തരവിറക്കിയത്. ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഈ മാസം 20 ന് ഹൈക്കോടതി പരിഗണിക്കും. അതിനിടയിലാണ് കഴിഞ്ഞദിവസം സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്തരവ് ഇന്നലെ പിന്‍വലിക്കുകയായിരുന്നു.











