ഭസ്മക്കുളത്തിന്റെ കാര്യം മുമ്പ് പറഞ്ഞിരുന്നല്ലോ. കൃത്രിമമായി കുളം നിര്‍മ്മിച്ചപ്പോള്‍ അതില്‍ പ്രത്യേക പൂജകളും മറ്റും നടത്തണമെന്ന് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. ശബരിമലയില്‍ എത്തുന്ന ഭക്തന്മാര്ക്ക് ആനന്ദദായകമാണ് ഭസ്മക്കുളംപോലെ ‘ഉരക്കുഴി തീര്‍ത്ഥ’വും അതില്‍ മുങ്ങിക്കുളിക്കലും. ഈ തീര്‍ത്ഥം ‘ഗംഗ’ യാണെന്നാണ് വിശ്വാസം. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം ഇരുന്നു മുങ്ങാവുന്ന ഉരല് പോലെ, കുമ്പളം തോട്ടിലുള്ള കുഴിയാണ് ‘ഉരക്കുഴി.’ ഈ കുഴിയില്‍ ഇരിക്കുമ്പോള്‍ മുകളില്‍ നിന്നുവരുന്ന ശുദ്ധജലം തലയില്‍ വീഴും. എന്നാല്‍, കോണ്‍ട്രാക്ടര്‍മാര്‍ പാറ പൊട്ടിക്കുന്നതിനു വേണ്ടി പതിറ്റാണ്ടുകള്‍ മുമ്പേ ഇവിടേക്കുള്ള ജലപ്രവാഹം തടസ്സപ്പെടുത്തി. ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്കായി മാളികപ്പുറത്തിനടുത്തുള്ള കൊക്കരണി എന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ കിണറാണ് ഉപയോഗിച്ചിരുന്നത്. ഈ കിണറ്റില്‍ വെള്ളം വറ്റിയിരുന്നില്ല. എന്നാല്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഈ കിണറും ദേവസ്വം ബോര്‍ഡ് മൂടിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: