തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ആറ് ക്യൂബന്‍ ചിത്രങ്ങള്‍. എല്‍ ബെന്നി, ഇന്നസെന്‍സ്, മാര്‍ത്തി ദ ഐ ഓഫ് ദ കാനറി, ദ മേയര്‍, സിറ്റി ഇന്‍ റെഡ്, വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ് എന്നീ ക്യൂബന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായെത്തും.
തിരുവനന്തപുരത്തെത്തിയ ക്യുബന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനുമായി മേളയിലെ ക്യൂബന്‍ പാക്കേജ് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ സംസാരിച്ചു. ഹവാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലും ഐ.എഫ്.എഫ്.കെയും തമ്മില്‍ സഹകരിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു. മലയാളത്തിലെ മികച്ച സമീപകാല സിനിമകള്‍ ഉള്‍പ്പെടുത്തി മലയാള ചലച്ചിത്രമേള ക്യൂബയില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധനാണെന്ന് അലെഹാന്ദ്രോ സിമാന്‍കാസ് മരീന്‍ അറിയിച്ചു.
ഹോര്‍ഹെ ലൂയി സാഞ്ചസിന്റെ ‘എല്‍ ബെന്നി’ (2006) എന്ന ചിത്രം ബെന്നി മോര് എന്ന ബാന്‍ഡ് ലീഡറുടെ ജീവിതകഥ പ റയുന്നു. അലെഹാന്ദ്രോ ഗില്ലിന്റെ ‘ഇന്നസെന്‍സ്’ (2018) കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ പേരില്‍ 1871 നവംബറില്‍ തടവില്‍ കഴിയേണ്ടി വന്ന എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കഥയാണ്.
ക്യൂബന്‍ ദേശീയ നായകനും കവിയും ദാര്‍ശനികനുമെല്ലാമായ ജോസ് മാര്‍ത്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫെര്‍ണാണ്ടോ പെരസിന്റെ ‘മാര്‍ത്തി ദ ഐ ഓഫ് ദ കാനറി’ (2010). സ്പാനിഷ് സൈന്യത്തിന്റെ ആധിപത്യത്തിനെതിരെ പൊരുതിയ ക്യൂബന്‍ ദേശസ്നേഹി ഇഗ്നേഷ്യോ അഗ്രാമോന്റെയുടെ കഥയാണ് റിഗോബെര്‍ത്തോ ലോപസിന്റെ ‘ദ മേയര്‍’ (2020).
റെബേക്ക ഷാവേസ് സംവിധാനം ചെയ്ത ‘സിറ്റി ഇന്‍ റെഡ് ‘(2009) ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ 1950കളുടെ അവസാനം ക്യൂബന്‍ നഗരമായ സാന്റിയാഗോയില്‍ നടന്ന രൂക്ഷമായ ചെറുത്തുനില്‍പ്പുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. ഹുവാന്‍ കാര്‍ലോസ് ക്രിമേറ്റ മല്‍ബെര്‍ത്തിയുടെ ‘വിത്ത് യു ബ്രെഡ് ആന്റ് ഒനിയന്‍സ്’ (2014) അമ്പത് കാലഘട്ടത്തിലെ ഒരു പരമ്പരാഗത ക്യൂബന്‍ കുടുംബത്തിന്റെ സംഘര്‍ഷങ്ങളുടെ കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: