കാസര്‍കോട് : നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് സാധാരണ ബസാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫ്രിഡ്ജ്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി ഇതൊന്നും ഇല്ലാത്ത സാധാരണ ബസാണ് ഉപയോഗിക്കുന്നത്. വാഷ്റൂം മാത്രമാണ് വലിയ സംവിധാനം എന്ന നിലയില്‍ പറയാവുന്നതെന്ന് ആന്റണി രാജു പറഞ്ഞു. എല്ലാ ബസിലും ഉള്ളതു പോലെ സീറ്റ് ഉണ്ട്. പടിക്ക് ഉയര കൂടുതലുള്ളതുകൊണ്ട് ബസില്‍ കയറാന്‍ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ട്.
നവകേരള സദസിന് ശേഷം ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. പ്രതിപക്ഷം ഇത്തരം പരപാടികള് കാണുമ്പോള്‍ അങ്കലാപ്പിലും ഹാലിളക്കത്തിലുമാണെന്നും മന്ത്രി വിമര്‍ശിച്ചു.
നവകേരള സദസിന് ഉപയോഗിക്കുന്നതിനാല്‍ ബസിന് കളര്‍കോഡ് കൊടുക്കാനുളള അധികാരം സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നേയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോള്‍ സാധാരണക്കാര്‍ക്ക് ബസ് ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.
നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ് നടക്കുന്ന ദിവസം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: