കേരള സര്‍ക്കാരിന്റെ നവകേരള സദസ് ഇന്ന് തുടങ്ങുകയാണല്ലോ. കേരളീയവും നവകേരള സദസും മാലോകര്‍ക്കാകെ പുത്തന്‍ അനുഭവമാകുമെന്നുറപ്പ്. കട്ടന്‍ചായയ്ക്ക് വകുപ്പില്ലാത്തവന്‍ എന്നും കുഴിമന്തി കഴിക്കുന്ന അനുഭവം. മന്ത്രിമാര്‍ക്കെല്ലാം ഒന്നും രണ്ടും വാഹനങ്ങള്‍ സര്‍ക്കാര്‍ വകയുണ്ട്. അതൊന്നും നവകേരള സദസിന് ഉപയോഗിക്കുന്നില്ലെന്നാണറിയുന്നത്. നല്ല തീരുമാനം തന്നെയെന്ന് തോന്നാം. പക്ഷേ ആ വണ്ടികളെല്ലാം നവകേരള സദസ് നടക്കുമ്പോള്‍ തലസ്ഥാനത്ത് തന്നെ ഉണ്ടാകുമോ? ഒരു ഉറപ്പുമില്ല. എങ്കിലും മന്ത്രിമാര്‍ക്കെല്ലാം സഞ്ചരിക്കാന്‍ ഒരു ബെന്‍സ് കെഎസ്ആര്‍ടിസി ഒരുക്കി.
ഒരു ബസ് ഒരുക്കാന്‍ ചെലവായത് ഒരുകോടി അഞ്ചുലക്ഷം മാത്രം. ബസിനകത്ത് പ്രത്യേക സൗകര്യങ്ങളുണ്ട്. അതോരോന്നും ഇവിടെ കുറിക്കുന്നില്ല. മന്ത്രിമാര്‍ കയറുന്ന ബസ്സിലാണോ വകുപ്പ് ഉദ്യോഗസ്ഥരും പേഴ്സണല്‍ സ്റ്റാഫും സെക്യൂരിറ്റിക്കാരും കയറുന്നത്. സംശയം സ്വാഭാവികമാണ്. പക്ഷേ അപ്പണി നടക്കില്ല. ഉദ്യോഗസ്ഥരുടെ പടതന്നെയുണ്ടാകും. ജനങ്ങനെ നേരിട്ട് കാണാനാണത്രെ ഈ പുറപ്പാട്. നന്നായി. എപ്പോഴെങ്കിലും ജനങ്ങളെ കാണണമല്ലൊ. ഇതിനൊക്കെ ചെലവെത്രയാണ്. സാമ്പത്തിക ഞെരുക്കത്തില്‍ ഞെരിപിരി കൊള്ളുന്ന സര്‍ക്കാര്‍ അതിനും വഴി കണ്ടെത്തിയിരിക്കുന്നു. പ്യൂണുമുതല് സര്‍ക്കാര്‍തലത്തിലെ എല്ലാ ഉദ്യോഗസ്ഥരും പിരിക്കാനിറങ്ങുന്നു. സ്പോണ്‍സര്‍ഷിപ്പ് എന്ന ഓമനപ്പേരിലാണിത്. സിപിഐ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്രെ. ഇതിനെയല്ലേ ചങ്ങാത്ത മുതലാളിത്തം എന്നുപറയുന്നത്. എന്നാണവരുടെ ചോദ്യം. ഈ ചോദ്യത്തിന് വേറെ കാരണമുണ്ട്. പാര്‍ട്ടിഫണ്ട് പിരിക്കാന്‍ കഴിയുന്നില്ല എന്നാണവരുടെ സങ്കടം. നവകേരള സദസും കേരളീയവും ധൂര്‍ത്തടിച്ചതിനെക്കുറിച്ച് ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നു എന്നാണവരുടെ പരാതി.
കേന്ദ്രം ഞെരുക്കുന്നു എന്നാണ് ധനകാര്യമന്ത്രി നല്കുന്ന വിശദീകരണം. കേന്ദ്രം നല്കുന്ന പണം യഥാവിധി ഉപയോഗിക്കാതെ തോന്നുംപടി ഉപയോഗിക്കുന്നു. ധനം വിനിയോഗിച്ചതിന് കണക്കില്ല. കണക്ക് ചോദിക്കുമ്പോഴാണ് കേരളം അടിമയല്ല എന്ന തര്‍ക്കുത്തരം പറഞ്ഞ് വായ അടപ്പിക്കാന്‍ നോക്കുന്നത്. കേരളത്തിന്റെ കൈയും കണക്കുമില്ലാത്ത ധനവിനിയോഗത്തിന് ഒക്കച്ചങ്ങാതിയെപ്പോലെ പെരുമാറാത്തതിലാണ് ബാലഗോപാലന്റെ അമര്‍ഷം മുഴുവന്‍.
മുഖ്യമന്ത്രിയും ധനമന്ത്രിയും ഒരു ധനകാര്യവിദഗ്ധനുമല്ല. എങ്കിലും ഇവര്‍ക്കെല്ലാം ഉപദേശികളുണ്ട്. ഇവര്‍ നല്കുന്ന ഉപദേശങ്ങളെന്തായിരിക്കും? ഒരു ഉപദേശി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് കേട്ടില്ലെ. ‘തെണ്ടാന്‍ പോയിക്കൂടെ’ എന്നാണ്. കടക്ക് പുറത്ത് എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് തെണ്ടാന്‍ പോയിക്കൂടെ എന്ന് ചോദിക്കുന്ന ഉപദേശി. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും അഹന്തയും മൂലം കേരളം വലിയ അപകടത്തിലേക്ക്, സാമ്പത്തികമായ സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പറയാന്‍ വലിയ ധനകാര്യവൈദഗ്ധ്യമൊന്നും വേണ്ട. കടക്കെണിയിലായ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മരുന്നു വാങ്ങാന്‍ പോലും നിവൃത്തിയില്ലാത്ത പാവങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കേരളീയം നടത്തി. കേന്ദ്രം സാമ്പത്തിക അതിക്രമം നടത്തുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 57,400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി എന്നും മുഖ്യമന്ത്രി പറയുന്നു. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് പച്ചക്കള്ളം പറയുന്നു.
എന്താണ് വസ്തുത? കേരളം പറയുന്ന തുക: 521.95 കോടി (വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, വാര്‍ധക്യകാല പെന്ഷന്). ഇതുവരെ കേരളത്തിന് നല്‍കാനുണ്ടായിരുന്ന മുഴുവന്‍ തുകയും കുടിശികയടക്കം ഒക്ടോബറില്‍ നല്‍കിക്കഴിഞ്ഞു. 602.14 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. 521.95 കോടിയെന്നാണ് കേരളം ഓഗസ്റ്റില്‍ കേന്ദ്രത്തിന് നല്കിയ പരാതിയില്‍ പറഞ്ഞത്. രണ്ടാം ഗഡുവിനുള്ള അപേക്ഷ ഇതുവരെ സംസ്ഥാനം നല്‍കിയിട്ടില്ല. വലിയ പ്രതിസന്ധിയാണെങ്കില്‍ എന്താണ് രണ്ടാം ഗഡുവിനുള്ള അപേക്ഷ നല്‍കാത്തത്? ഒക്ടോബറില്‍ കേന്ദ്രം നല്കിയ 602.14 കോടി രൂപ എന്തു ചെയ്തു? അതിന്റെ കണക്കിനെക്കുറിച്ച് മൗനത്തിലാണ്. ഏഴാം ശമ്പളകമ്മീഷനിലെ കുടിശികയായി പറയുന്ന 750 കോടി കെടുകാര്യസ്ഥത കൊണ്ട് കേരളം നഷ്ടപ്പെടുത്തി. ശമ്പളക്കുടിശ്ശികയ്ക്കുള്ള അപേക്ഷ സമയബന്ധിതമായി കേന്ദ്രസര്‍ക്കാരിനു നല്‍കിയില്ല. 2022 മാര്‍ച്ച് 31 ആയിരുന്നു ഈ ശുപാര്‍ശ സമര്‍പ്പിക്കാന്‍ രാജ്യത്താകെ നിശ്ചയിച്ചിരുന്ന സമയ പരിധി. ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി ശുപാര്‍ശകളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് കേന്ദ്രം രണ്ടു തവണ കത്തയച്ചു. (2022 ഫെബ്രുവരി 24നും മാര്‍ച്ച് പത്തിനും). സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല, അത് നഷ്ടമായി. 2022 മാര്‍ച്ച് 31 കഴിഞ്ഞാല്‍ കിട്ടില്ലെന്ന് കര്‍ശനമായി പറഞ്ഞതാണ്. എന്തുകൊണ്ടാണ് യുജിസി ശമ്പള പരിഷ്ക്കരണത്തിലെ കുടിശിക കേരളത്തിന് കിട്ടാതെ പോയതെന്ന് ബാലഗോപാല്‍ വിശദീകരിക്കേണ്ടതല്ലെ.
മൂലധന നിക്ഷേപം (സ്പെഷല്‍ അസിസ്റ്റന്‍സ് ടു ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്). സംസ്ഥാനം ആവശ്യപ്പെടുന്നത് 1925 കോടി രൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ചില മാനദണ്ഡങ്ങളുണ്ട്. പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയാലേ ഫണ്ട് റിലീസ് ചെയ്യൂ. ഇത് പാലിക്കുന്നു എന്ന റിപ്പോര്‍ട്ട് സെപ്തംബര്‍ 30നു മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് സംസ്ഥാനം നല്‍കണം എന്ന നിര്‍ദേശമുണ്ടായിരുന്നു. നവംബര്‍ മൂന്നു വരെ അത്തരമൊരുകാര്യവും കേരളം നല്‍കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷാആക്ട് പ്രകാരമുള്ള ഫണ്ടാണ് അടുത്തത്. സംസ്ഥാനം ആവശ്യപ്പെടുന്നത് 256 കോടി. 05.10.23 ല്‍ ഈയിനത്തില്‍ 259.63 കോടി കൈമാറിക്കഴിഞ്ഞു. അത് 2018-2023 വരെയുള്ള മുഴുവന്‍ തുകയുമാണ്, കുടിശികയടക്കം.
നെല്ല് സംഭരണം, കേന്ദ്രം കുടിശിക വരുത്തിയതായി ഭക്ഷ്യമന്ത്രിക്ക് പോലും പരാതി ഇല്ല. ഒന്നാം വിളയ്ക്ക് പൂര്‍ണമായി കൊടുക്കാനുള്ള തുക 378 കോടി ഈ മാര്‍ച്ചില്‍ തന്നെ കൊടുത്തു കഴിഞ്ഞതാണ്. റവന്യു ഡഫിസിറ്റ് ഗ്രാന്റ് ആകെ ലഭിക്കുന്ന 17 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പതിനഞ്ചാം ധനകാര്യ കമ്മിഷന് 2021-22, 2022-23, 2023-24 വരെയുള്ളത് 9,891 കോടി, 13,174 കോടി, 4,749 കോടി എന്നിങ്ങനെ ശുപാര്‍ശ ചെയ്തു. 2021-22, 2022-23 ഗ്രാന്റുകള്‍ പൂര്‍ണമായി നല്കി.
2023-24 ന്റെത് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റുകളായി നല്കി വരുന്നു. റവന്യു കമ്മി ഗ്രാന്റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറയുന്നത് അറിഞ്ഞു കൊണ്ട് തെറ്റിദ്ധരിപ്പിക്കലാണ്. കാരണം, 2017ല്‍ കമ്മിഷന് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നപ്പോഴേ അറിയാം. ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന്. അതായത് 2023ല്‍ എത്ര കിട്ടുമെന്ന് 2017ലേ അറിയാം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കൊല്ലം വിഹിതം ഏറ്റവും കുറഞ്ഞത് കര്‍ണാടകയ്ക്കാണ്. അന്ന് അവിടെ ബിജെപി ഭരിക്കുകയായിരുന്നു.
കടമെടുപ്പ് അനുവദിക്കുന്നില്ല എന്നാണ് മുഖ്യമായ പരാതി. ഓഫ് ബജറ്റ് ബോറോവിങ്ങിന്റെ തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണ്. അതിനാലാണ് ഓഫ് ബജറ്റ് ബോറോവിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അപ്പോഴും, ധനകാര്യ കമ്മിഷന് അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും അനുവദിച്ചു. നാഷണല്‍ പെന്ഷന് സ്കീമിന് കീഴില്‍, 2022-23 യില്‍ 1,755.82 കോടിയും 2023-24 ല്‍ 1,755.50 കോടിയും അധിക കടമെടുപ്പ് അനുവദിച്ചു. ഊര്‍ജമേഖലയില്‍, 2021-22ല്‍ 4,060 കോടിയും 2022-23ല്‍ 4263 കോടിയും അധിക കടമെടുപ്പ് അനുവദിച്ചു.
ജിഎസ്ടി വിഹിതത്തിന്റെ പരാതിയുണ്ടായപ്പോള്‍ കേന്ദ്ര ധനമന്ത്രി ചോദിച്ചു, അഞ്ച് വര്‍ഷമായി എ ജി സര്‍ട്ടിഫൈഡ് ഡോക്യുമെന്റ്സ് തരാതിരുന്നത് എന്തെന്ന്. അപ്പോള്‍ ഉത്തരമില്ല. 2017 ലാണ് ജിഎസ്ടി നിലവില്‍ വന്നത്. ആറുവര്‍ഷം ഉറങ്ങുകയായിരുന്നോ? ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണ്‍ 30ന് അവസാനിച്ചു. ഇത് 2017ല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോഴേ അറിയാം. അത് തിരിച്ചറിഞ്ഞ് സ്വന്തം നികുതി വരുമാനം കൂട്ടണമായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഐജിഎസ്ടി ഇനത്തില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് കേരള സര്‍ക്കരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ്.
സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പ് സമൂലമായി പുനഃസംഘടിപ്പിച്ചു. കേരളത്തിലെ നികുതി ഭരണസംവിധാനത്തിലെ അതിനിര്‍ണായകമായ ചുവടുവയ്പാണിത്. 2017 മുതല്‍ രാജ്യത്ത് നടപ്പില്‍ വന്ന ചരക്കുസേവന നികുതി നിയമനത്തിനനുസൃതമായി സംസ്ഥാനത്തെ നികുതി ഭരണസംവിധാനത്തെ പുനഃസംഘടിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് സാക്ഷാല്‍ക്കരിക്കുന്നതെന്നാണ് ദേശാഭിമാനി ജനുവരി 17ന് പറഞ്ഞത്. അതായത് ഏഴുവര്‍ഷമെടുത്തു ജിഎസ്ടി വകുപ്പ് സംസ്ഥാനത്ത് പുനഃസംഘടിപ്പിക്കാന്‍ എങ്ങിനെയുണ്ട്. എന്നിട്ടും കേന്ദ്രം ഒക്കചങ്ങായിയായി പെരുമാറണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: