കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരക രാസലഹരിയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ എ.അക്ബറി ന്റെ നേതൃത്വത്തില്‍ രാസലഹരിക്കെതിരെയുളള നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷത്തിലാണ് ഓച്ചിറ കൊല്ലം സ്വദേശി റിജു (41), കുറുവിലങ്ങാട് കോട്ടയം സ്വദേശി ഡിനോ ബാബു(32), തലശ്ശേരി, ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെ രാസലഹരിയുമായി പിടികൂടിയത്.
ഇവരില്‍നിന്ന് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പിടികൂടി. പ്രതികള്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും വില്പന നടത്തുന്നതിനായി ഹോട്ടലില്‍ റൂമെടുത്ത് താമസിച്ച് വരവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തി രാസലഹരി കടത്തികൊണ്ട് വന്ന് ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയാണ് ഇവരുടെ രീതി. പ്രതികളില്‍ നിന്ന് രാസലഹരി തൂക്കിവില്‍പന നടത്തുന്നതിനുള്ള ഇലക്ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും കസ്റ്റഡിയിലെടുത്തു.
കേസിലെ ഒന്നാം പ്രതിയായ റിജുവിന് നിരവധി കേസുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുളളതായി അന്വേഷണത്തില്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ മുമ്പും കൊമേഴ്സല്‍ ക്വാണ്ടിറ്റി മയക്ക്മരുന്ന് കേസില്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പിടിയിലായി, റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ താണ്. കൂടാതെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ മയക്ക്മരുന്ന് കേസും സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്, മുവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി, പേട്ട, പുത്തൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി ചീറ്റീങ് കേസുകളും നിലവിലുണ്ട്.
രണ്ടാം പ്രതിയായ ഡിനോ ബാബുവിന് മരട് പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നു കേസും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലും കോതമംഗലം പോലീസ് സ്റ്റേഷനിലും വഞ്ചന കേസുകളും നിലവിലുണ്ട്.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശാനുസരണം എറണാകുളം അസി. കമ്മീഷണര്‍ പി.രാജ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് എസ് ഐമാരായ ശരത്ത് സി, അനില്‍കുമാര്‍ സി, ദിനേഷ് ബി, സപിഒമാരായ ഡിനുകുമാര്, ജിബിന്‍ലാല്‍, അനസ്, വനിതാ പോലീസ് അന്‍സിയ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: