ബ്യൂണസ് അയേഴ്സ്: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും കരുത്തരായ ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി. അര്‍ജന്റീനയെ എവേ പോരാട്ടത്തില്‍ 2-0ന് ഉറുെഗ്വയും ബ്രസീലിനെ ഹോം പോരാട്ടത്തില്‍ 2-1ന് കൊളംബിയയും കീഴടക്കി.
അര്‍ജന്റീനക്കെതിരായ പോരാട്ടത്തില്‍ 41-ാം മിനിറ്റില്‍ റൊണാള്‍ഡ് അറൗഹോയും 87-ാം മിനിറ്റില്‍ മുന്നേറ്റതാരം ഡാര്വിന് ന്യൂനസുമാണ് ഉറുഗ്വെയ്ക്കായി ഗോള്‍ നേടിയത്. ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ഒട്ടമെന്‍ഡി, ക്രിസ്റ്റ്യന്‍ റൊമേറോ, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും അര്‍ജന്റീനയ്ക്ക് വിജയം നേടാനായില്ല.
ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്. കൊളംബിയയുടെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്നശേഷമാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മാസം ഉറുഗ്വെയോടും കാനറികള്‍ തോറ്റിരുന്നു.
കൊളംബിയക്കെതിരായ കളിയില്‍ നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളടിച്ച ലൂയിസ് ഡയസാണ് കൊളംബിയക്ക് മികച്ച് വിജയം സമ്മാനിച്ചത്. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലുമായിരുന്നു താരത്തിന്റെ ഗോളുകള്‍. മറ്റ് കളികളില്‍ ബൊളീവിയ 2-0ന് പെറുവിനെ തോല്‍പ്പിച്ചപ്പോള്‍ ചിലി-പരാഗ്വെ, വെനസ്വേല-ഇക്വഡേര്‍ പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമടക്കം 12 പോയന്റാണ് ടീമിനുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഉറുഗ്വെയാണ് രണ്ടാമത്. ഒന്‍പത് പോയന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. അഞ്ച് കളിയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമുള്ള ബ്രസീല്‍ 7 പോയിന്റുമായി പട്ടികയില്‍ അഞ്ചാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: