കോഴിക്കോട് : മുസ്ലിം ലീഗ് ഇടതു മുന്നണിയിലേക്കെന്ന പ്രചാരണങ്ങള്‍ക്കെതിരെ പി.കെ ബഷീര്‍ എംഎല്‍എ. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിംലീഗ് അംഗത്തെ തെരഞ്ഞെടുത്തതോടെ ലീഗ് സീപിഎമ്മിലേക്കാണെന്ന വിധത്തില്‍ വീണ്ടും ആരോപണം ഉയര്‍ന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ബഷീര്‍.
സഹകരണ മേഖലയില്‍ മാത്രമാണ് ഇടതുമായി സഹകരിക്കുന്നത്.
തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന്റെ ഭാഗമായി തന്നെയുണ്ടാകും. ലീഗ് യുഡിഎഫ് മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളാണ് ഇതിനു പിന്നില്‍. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചുമതലയേറ്റതിനെതിരെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൂലി കൊടുത്താല്‍ ആര്‍ക്കും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കാമെന്നും പി.കെ. ബഷീര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് വള്ളിക്കുന്നിലെ മുസ്ലിം ലീഗ് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. അബ്ദുള്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്.
മുസ്ലിം ലീഗുമായി അടുക്കാന്‍ സിപിഎം അടുത്തിടെ പല അടവുകളും പയറ്റിയിരുന്നു. കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് എത്തുകയും മുസ്ലിം ലീഗ് സിപിഎമ്മിന്റെ ക്ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയുമായിരുന്നു. അതിനിടയിലാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിംലീഗ് അംഗത്തെ തെരഞ്ഞെടുത്ത് പുതിയ നീക്കം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: