മുംബൈ: ഏകദിന ലോകകപ്പില്‍ ഭാരതം തടുക്കാനാകാത്ത ശക്തിയാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന് കെയ്ന്‍ വില്ല്യംസണ്. ലോകത്തെ ഏറ്റവും മികച്ച ടീം ആണ് ഭാരതത്തന്റേത്, അവര്‍ ഏറ്റവും മികച്ച കളിയാണ് കളിക്കുന്നതെന്നും വില്ല്യംസണ് പറഞ്ഞു. അതിനെതിരെ പൊരുതുക ബുദ്ധിമുട്ടാണ്. ടൂര്‍ണമെന്റ് മൊത്തത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ പലവട്ടം തോല്‍വി നേരിട്ടു. പ്രതിസന്ധിയിലായി. പക്ഷെ അവരോ ടൂര്‍ണമെന്റില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യത്തോടെയാണ് ജയിച്ചുവന്നത്.
കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയെ പ്രശംസിക്കാനും വില്ല്യംസണ് മറന്നില്ല. നാലാം നമ്പറിലിറങ്ങി വാംഖഡെയില്‍ മത്സരത്തിന് വീറും വാശിയും സമ്മാനിച്ചാണ് മിച്ചല്‍ കടന്നുപോയത്. 134 റണ്‍സെടുത്താണ് താരം പുറത്തായത്.
ഒന്നാം സെമി നടന്ന വാംഖഡെയിലെ പിച്ചുമായി ബന്ധപ്പെട്ട് വിവാദം തലപൊക്കിയിട്ടുണ്ട്. എന്നാല്‍ അതേ കുറിച്ച് ഒന്നും പറയാന്‍ വില്ല്യംസണ് ഒരുങ്ങിയില്ല. അത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ അനാവശ്യമാണെന്നാണ് കിവീസ് നായകന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: