ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനല്‍ പോലൊരു ബിഗ്സ്റ്റേജിലാണ് ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി തികച്ചുകൊണ്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ചരിത്രത്തിന്റെ തങ്കത്താളുകളിലേക്ക് നടന്നുകയറിയിരിക്കുന്നത്. ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്റെ പന്ത് ആളൊഴിഞ്ഞ ഡീപ് ബാക്ക്വേഡ് സ്ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ട് കോലി 50 സെഞ്ച്വറികളുടെ മികവിലേക്ക് എത്തുന്നതു കാണുവാന്‍, 49 സെഞ്ച്വറികളുമായി റിക്കാര്‍ഡ് സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവം സച്ചിന് തെണ്ടുല്‍ക്കറും, ഏകദിന മത്സരങ്ങളിലെ കരുത്തിന്റെ പര്യായമായ വെസ്റ്റ് ഇന്‍ഡ്യന്‍ ബാറ്റിങ് ഇതിഹാസം സര് വിവിയന്‍ റിച്ചാര്ഡ്സുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ലോകകപ്പ് സെമിഫൈനലുകളിലെ തന്റെ നിറംകെട്ട ഇന്നിങ്സിന് പ്രായശ്ചിത്തം ചെയ്തുകൊണ്ടണ് 148 മിനിറ്റ് ക്രീസില്‍നിന്ന് 106 പന്തുകള്‍ നേരിട്ട് കോഹ്ലി ഭാരതത്തിന് ഞായറാഴ്ച 13-ാം ലോകകപ്പിന്റെ ഫൈനലിലേക്കുള്ള പാത ഭദ്രമാക്കിയത്.
കുറച്ചുകാലം മുന്‍പ് മികച്ച ഫോമില്‍ കളിക്കുവാന്‍ കഴിയാതിരുന്ന വിരാട് കോഹ്ലി ഈ ലോകകപ്പില്‍, കഴിഞ്ഞ കാല് നൂറ്റാണ്ടോളം നടത്തിയ അധ്വാനവും കളിയോടുള്ള സമര്‍പ്പണബോധവും തെളിയിച്ചുകൊണ്ടാണ് ഓരോ മത്സരത്തിലും കിടയറ്റ ഇന്നിങ്സുകള്‍ കെട്ടിപ്പടുത്തത്. ഈ ലോകകപ്പില്‍ സെമിഫൈനല്‍വരെ 10 ഇന്നിങ്സുകളില്‍ 711 റണ്‍സാണ് േകാലിയുടെ ബാറ്റില്‍നിന്ന് പ്രവഹിച്ചത്. മൂന്ന് സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളും കോഹ്ലിയുടെ ലോകകപ്പിലെ സച്ചിനെ മറികടന്നുള്ള റണ്‍വേട്ടക്ക് പിന്നിലുണ്ടായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റിലും ഏകദിന മത്സരങ്ങളിലുമായി 100 സെഞ്ച്വറികളും 34357 റണ്‍സും നേടിയിട്ടുള്ള സച്ചിന് ടെന്‍ഡുല്‍ക്കറുടെ പിന്നിലാണ് 80 സെഞ്ച്വറികളിലൂടെ 26478 റണ്‍സുമായി കോഹ്ലി. സച്ചിന് 782 ഇന്നിംഗ്സുകളില്‍നിന്നാണ് തന്റെ നേട്ടങ്ങള്‍ കൈവരിച്ചത്. കോഹ്ലി ഇന്നുവരെ 573 ഇന്നിംഗ്സുകളെ കളിച്ചിട്ടുള്ളൂ. 49 ഏകദിന സെഞ്ച്വറികള്‍ സച്ചിന് 455 ഇന്നിംഗ്സുകളില്‍നിന്നാണ് നേടിയത്. കോഹ്ലിക്ക് 278-ാം ഏകദിന ഇന്നിംഗ്സില്‍ അമ്പതാം അര്‍ധസെഞ്ച്വറിയിലൂടെ സച്ചിനെ മറികടക്കുവാന്‍ കഴിഞ്ഞു.
2011ല്‍ ഭാരതം രണ്ടാം ലോക കിരീടം സ്വന്തമാക്കിയ ചരിത്ര വേദിയായ വാംഖഡെയിലാണ് കോഹ്ലി ചരിത്രനേട്ടത്തിന് അര്‍ഹനായത്. തന്റെ ആരാധനാമൂര്‍ത്തിയായ സച്ചിന് തോൡലേറ്റി ഗ്രൗണ്ടിനു ചുറ്റും നടന്ന കോലി അന്നു പറഞ്ഞത് ഓര്‍മവരുന്നു. ”21 വര്‍ഷമായി സച്ചിന്‍ഭായ് ഒരു രാജ്യത്തിന്റെ സ്വപ്നങ്ങളുടെ ഭാരം ചുമന്നിരിക്കുന്നു. ഇന്നിതാ ഞങ്ങള്‍ അദ്ദേഹത്തെ അഭിമാനത്തോടെ ചുമലിലേറ്റിയിരിക്കുന്നു.”- സച്ചിനെ തന്റെ റോള്‍ മോഡലായി എന്നും കണ്ടിരിക്കുന്നു എന്ന് പലവട്ടം പറഞ്ഞിട്ടുള്ള കോഹ്ലി ഒരു കാലത്തും ആ ഇതിഹാസതാരവുമായി തന്നെ തുലനം ചെയ്യരുതെന്ന് ഓര്‍മിപ്പിക്കാറുണ്ട്.
സച്ചിന് ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരാട് കോലിയെ ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഒന്നാണ്. സച്ചിന്റെ കളിയുടെ സാങ്കേതിക മികവോ, ക്ലാസിക്ക് ശൈലിയോ വിരാട് കോലിയില്‍ കാണാന്‍ കഴിയാറില്ല. കളിമികവില്‍ ഭാരതം കണ്ട തികച്ചും പൂര്‍ണതയുള്ള ക്രിക്കറ്റാണ് സച്ചിന്. പക്ഷെ സച്ചിനെക്കാള്‍ മികച്ച ഫലങ്ങള്‍ വിരാടിന് നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. തന്റെ ബലഹീനതകള്‍ മനസ്സിലാക്കി, അത് മറികടക്കുവാന്‍ അത്യധ്വാനം ചെയ്യുന്ന വിരാട് കോഹ്ലി സമ്മര്‍ദ്ദഘട്ടങ്ങളില്‍ പ്രകടമാക്കുന്ന പോരാട്ട വീര്യത്തിലും സ്ഥിരതയാര്‍ന്ന കളിയിലും സച്ചിന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്. 2008 ല്‍ അണ്ടര്‍-19 ലോകകിരീടം ഭാരതത്തിന് നേടിക്കൊടുത്ത കോഹ്ലി, 2013 ല്‍ ഐസിസിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. മത്സരങ്ങള്‍ പിന്തുടര്ന്ന് ജയിക്കേണ്ട ഘട്ടങ്ങളില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ക്ഷമയോടെ, സമചിത്തതയോടെ ബാറ്റേന്തുവാനും ടീമിനെ വിജയത്തിലെത്തിക്കുവാനുമുള്ള കഴിവിനുള്ള യഥാര്‍ത്ഥ അംഗീകാരമായിരുന്നു ഇത്.
സാങ്കേതിക മികവില്‍ മറ്റു താരങ്ങളെക്കാളും മുന്നിലാണ് സച്ചിനും കോഹ്ലിക്കും സ്ഥാനം. കൃത്യതയാര്‍ന്ന സ്ട്രൈറ്റ്ഡ്രൈവാണ് സച്ചിന്റെ ബാറ്റില്‍നിന്നുള്ള മികച്ച ഷോട്ട്. കോഹ്ലിയാകട്ടെ കവര്‍ ഡ്രൈവുകളുടെ ആശാനാണ്. ക്രോസ്ബാറ്റ് ഷോട്ടുകള്‍ സച്ചിനെക്കാളും മികവില്‍ കോലിയാണ് കളിക്കുന്നത്. സച്ചിനെപ്പോലെ ഷോട്ടുകളുടെ വൈവിധ്യം കോഹ്ലിക്കില്ല. പക്ഷെ സച്ചിനെക്കാളും പലപ്പോഴും ആക്രമിച്ച് കളിക്കുവാന്‍ ധൈര്യം കാണിക്കുന്നത് കോഹ്ലിയാണ്.
ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ പന്തുകള്‍ പാഴാക്കാതെ, തുടക്കത്തില്‍തന്നെ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കോഹ്ലി സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് സമര്‍ത്ഥമായി തന്റെ സ്കോറിങ്ങിന്റെ വേഗത കൂട്ടുവാനും, താളം തെറ്റാതെ കളിക്കുവാനും ശ്രദ്ധിക്കുന്നു. ഏകാഗ്രതയില്‍ മികവുറ്റ ഈ താരത്തിന്റെ കളിയോടുള്ള ആത്മാര്‍പ്പണം പ്രതിയോഗികള്‍ക്ക് എന്നും തലവേദന സൃഷ്ടിക്കുന്നതാണ്. ആക്രമണം തുടങ്ങിയാല്‍ കോഹ്ലിയുടെ സ്കോറിങ്ങിനെ തടുക്കുവാന്‍ ഇന്നത്തെ ഫോമില്‍ വിഷമമാണ്.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ 2011, 2015, 2019 വര്‍ഷങ്ങളില്‍ 26 മത്സരങ്ങളില്‍നിന്നും രണ്ട് സെഞ്ച്വറികള്‍ മാത്രം നേടിയ കോലിയാണ് ഈ ലോകകപ്പില്‍ റണ്‍സ് മികവിലും, സെഞ്ച്വറി-അര്‍ധസെഞ്ച്വറി മികവിലും മുന്നില്‍ നില്‍ക്കുന്നത്. പ്രായം 35 തികഞ്ഞ കോഹ്ലിക്ക് ഇനിയൊരു ലോകകപ്പില്‍ ഭാരത ടീമിന്റെ ഭാഗമാകുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഞായറാഴ്ച വിരാടില്നിന്നും മറ്റൊരു വീരോചിത ഇന്നിങ്സ് അഹമ്മദാബാദില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരുവട്ടം കൂടി ലോകകപ്പില്‍ മുത്തം വയ്ക്കാന്‍ ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരവസരം ഉണ്ടായെന്നുവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: