കൊട്ടാരക്കര: കേരളത്തിന്റെ സാമൂഹിക പരിഷ്കരണത്തിന് മാര്‍ഗദര്‍ശിയായ വേദഗുരു സദാനന്ദ സ്വാമികളുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
പാര്ശ്വവല്കൃത സമൂഹത്തിലെ കുട്ടികള്‍ക്ക് വേദപഠനം ആരംഭിച്ചും പിന്നാക്കക്കാര്‍ക്ക് ക്ഷേത്രം നിര്‍മിച്ച് സാമൂഹിക ശാക്തീകരണത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച മഹാത്മാവായിരുന്നു സദാനന്ദ സ്വാമികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദാനന്ദ സ്വാമികളുടെ സമാധി ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം സദാനന്ദപുരം ജഡായു ഹാളില്‍ സദാനന്ദം@2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രഹ്മനിഷ്ടാമഠം, പരിവ്രാജക മണ്ഡലി തുടങ്ങിയ സ്വാമികളുടെ അദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്ക് പുനര്‍വിചിന്തനത്തിന് ഉതകുന്നതാണ് സമാധി ശതാബ്ദി ആഘോഷമെന്ന് ശ്രീമദ് ദയാനന്ദസരസ്വതി സ്വാമികള്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
സ്വാഗതസംഘം രക്ഷാധികാരിമാരായി റിട്ട. പ്രൊഫ. രാഘവന് നായര്‍, സ്വാമി ദയാനന്ദ സരസ്വതി, ചെയര്‍മാനായി ഡോ. എന്‍.എന്‍. മുരളി, ജനറല്‍ കണ്‍വീനറായി മൈലം രവികുമാര്‍, മുഖ്യസംയോജകനായി ലഘു ഉദ്യോഗ ഭാരതി ദേശീയ സഹസംഘടനാ സെക്രട്ടറി എന്‍.കെ. വിനോദ് എന്നിവരെ യോഗം നിശ്ചയിച്ചു.
സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ റിട്ട. പ്രൊഫ. രാഘവന് നായര്‍ അധ്യക്ഷമായി. കരിന്തോട്ടുവ ആശ്രമ മഠാധിപതി ശിവാനന്ദഭാരതി, കുഴിപ്പള്ളിയില്ലം കൃഷ്ണന് നമ്പൂതിരി, അഖിലഭാരതീയ കുംഭാരന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ ചന്ദ്രശേഖരന്, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരിശങ്കര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, തലവൂര്‍ ഗോപാലകൃഷ്ണന്, കേരളാ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ ശശിധരന് പിള്ള, തേമ്പ്ര വേണുഗോപാല്‍, എം. വിന്‍സെന്റ്, വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് വൈസ് പ്രസിഡന്റ് സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അയ്യപ്പ സേവാസമാജം, വിവിധ ഹൈന്ദവ സംഘടകള്‍ എന്നിവ സ്വാഗതസംഘ രൂപീകരണത്തില്‍ പങ്കെടുത്തു. മൈലം രവികുമാര്‍ സ്വാഗതവും മഞ്ഞപ്പാറ സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: