തിരുവനന്തപുരം: കേരളത്തില്‍ പരസ്പരം പോരടിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ ഒരുമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കാട്ടുന്ന കള്ളത്തരം രാഷ്ട്രീയത്തില്‍ വേറെയില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാ മോഹന്‍ദാസ് അഗര്‍വാള്‍. കേരള, തമിഴ്നാട് കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ ദ്വിദിന പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭരണപ്രതിപക്ഷ നേതാക്കളെല്ലാം അഴിമതി ആരോപണത്തിലാണ്. മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴെ അഴിമതിയിലാണ്. മുഖ്യമന്ത്രിയായപ്പോള്‍ വിദേശരാജ്യ പ്രതിനിധിയുമായി സൗഹൃദം സ്ഥാപിച്ചതും മുഖ്യമന്ത്രിയും കുടുംബവും മറ്റൊരു രാജ്യത്തെ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതും മകളുടെ വ്യവസായത്തിന് വിദേശത്ത് സൗകര്യം ഒരുക്കാന്‍ ശ്രമിച്ചതുമെല്ലാം എല്ലാവര്‍ക്കുമറിയാം.
കോണ്‍ഗ്രസിലാണെങ്കില്‍ പ്രതിപക്ഷ നേതാവും സംസ്ഥാന പ്രസിഡന്റും അഴിമതിയ്ക്കായി മത്സരിക്കുകയാണ്. അഴിമതിയില്‍ ആരാണോ മുന്നില്‍ എത്തുന്നത് അവരാകും രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഇതാണ് ഇരുപാര്‍ട്ടികളുടെയും കേരളത്തിലെ അവസ്ഥ.
അധികാരത്തില്‍ ഇരുന്നപ്പോള്‍ പിഎഫ്ഐക്ക് എതിരെ കോടതിയില്‍ നിലപാട് എടുത്തവരാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ അവരുടെ പിറകെ ഇരു കക്ഷികളും മുസ്ലീം വോട്ടിന് വേണ്ടി നടക്കുകയാണ്.
പാലസ്തീന് അനുകൂല യോഗത്തില്‍ തീവ്രവാദി സംഘടനയായ ഹമാസ് നേതാവിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസോ സിപിഎമ്മോ എതിര്‍ക്കുകയോ പരാതി നല്‍കാനോ തയാറായില്ല. കോണ്‍ഗ്രസിന്റെ മൂന്ന് ജനപ്രതിനിധികള്‍ ബിജെപിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ തീവ്രവാദ പ്രീണന നയത്തിനെതിരെ അവര്‍ക്ക് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
അത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന ക്യാമ്പിനോട് അനുബന്ധിച്ച് കേന്ദ്ര പദ്ധതികളെ കുറിച്ചും ബിജെപിയുടെ കോര്പറേഷന് സമരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പ്രദര്ശനിയും രാധാമോഹന്‍ദാസ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. രഘുനാഥ് അദ്ധ്യക്ഷനായി.
ബിജെപി സെന്‍ട്രല്‍ ട്രെയിനിങ് സെല്‍ കമ്മറ്റി അംഗം രവീന്ദ്ര സാഥെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, തമിഴ്നാട്ടിലെ പരിശീലന ചുമതല വഹിക്കുന്ന അഡ്വ. ശിവകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മുതിര്‍ന്ന ബിജെപി നേതാവ് പി.അശോക് കുമാര്‍, തിരുവനന്തപുരം കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്നാട്ടില്‍ നിന്നും 16 ഉം സംസ്ഥാനത്തെ 48 ഉം കൗണ്‍സിലര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: