നമ്മുടെ പ്രപഞ്ചത്തില്‍ മനുഷ്യരും മറ്റു ജീവജാലങ്ങളും ഈ ഭൂമിയില്‍ മാത്രമേയുള്ളോ? അന്യഗ്രഹങ്ങളില്‍ മനുഷ്യരേപ്പോലുള്ള ജീവിവര്‍ഗങ്ങള്‍ ഉണ്ടാകുമോ? അന്യഗ്രഹ ജീവികള്‍ പറക്കും തളികകളില്‍ (Flying Saucers) കയറി ഭൂമിയില്‍ എത്താറുണ്ടോ? നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംശയങ്ങളാണിവ.
ആശങ്കകളും ദുരൂഹതകളും നിറഞ്ഞ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ ‘നാസ’ രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അജ്ഞാതമായ പറക്കും തളികകളുടെ രഹസ്യത്തിന്റെ ചുരുളഴിയിക്കാന്‍ ശാസ്ത്രജ്ഞരുടെ പുതിയ സംഘത്തെ നാസ നിയോഗിച്ചു. മാര്‍ക്ക് മക്കല്‍ നേര്ണിയാണ് സംഘത്തിന്റെ മേധാവി.
”അജ്ഞാതമായ പറക്കും വസ്തുക്കളെ” (Unidentified Flying Objects-UFO) കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുഎഫ്ഒ എന്ന വാക്ക് ഇപ്പോള്‍ നാസ ഉപയോഗിക്കുന്നില്ല. പകരം ‘തിരിച്ചറിയപ്പെടാത്ത അസാധാരണമായ പ്രതിഭാസം’ (Unidentified Anomalous Phenomena-UAF) എന്നാണ് ഏജന്‍സി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയെപ്പറ്റി വ്യക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
യുഎസ് ഭരണകൂടവും അജ്ഞാത പ്രതിഭാസങ്ങളെപ്പറ്റി അടുത്തകാലത്തായി അന്വേഷിച്ചുവരുന്നു. 2022ല്‍ ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് യുഎസ് സര്‍ക്കാരിന്റെ പക്കല്‍ അന്യഗ്രഹ ജീവികളുടെ പേടകവും അതിലെ സഞ്ചാരികളുടെ മൃതദേഹാവശിഷ്ടങ്ങളുമുണ്ടെന്ന സ്തോഭജനകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ലോകം ആകാംക്ഷയോടെയാണ് നാസയുടെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുന്നത്. അജ്ഞാത പേടകങ്ങള്‍ക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലെന്നാണ് നാസയുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ നാസയുടെ മേധാവി ബില്നെല്സണ് ഒരു കാര്യം പറഞ്ഞത് ശ്രദ്ധനേടി. ഭൂമിക്ക് പുറത്ത് മറ്റെവിടെയോ ബുദ്ധിശാലികളായ ജീവവംശങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഭാവിയില്‍ ഭൂമിക്ക് തുല്യമായ വാസയോഗ്യമായ ഗ്രഹം നാസയ്ക്ക് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ”ഇനിയും പുറത്തറിഞ്ഞിട്ടില്ലാത്ത വിഷയങ്ങളെപ്പറ്റി അറിയുക എന്നത് ഞങ്ങളുടെ ജനിതക ഘടനയില്‍ അന്തര്‍ലീനമാണെന്നും” ബില്‍ നെല്‍സണ്‍ വ്യക്തമാക്കി.
ആര്. സനല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: