തിരുവനന്തപുരം: 101 കോടിയിലധികം രൂപയുടെ അഴിമതിയും തിരിമറിയും കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും പാര്‍ട്ടിക്ക് മൗനം. മിക്ക നേതാക്കളും നിയമങ്ങള്‍ കാറ്റില്‍ പറത്തി വായ്പയും ചിട്ടിയും കൈക്കലാക്കി തിരിച്ചടക്കാതെ വ ന്‍കുടിശ്ശിക വരുത്തി. നിയമസഭയില്‍ കണ്ടല ബാങ്കിനെതിരെ ചോദ്യം ഉന്നയിച്ചതല്ലാതെ നിക്ഷേപകരോട് സംസാരിക്കാനോ അവിടത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ തയ്യാറാകാതെ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് ഒഴിഞ്ഞുമാറുന്നതിലും നാട്ടുകാര്‍ക്കിടയില്‍ സംശയം ജനപ്പിച്ചിട്ടുണ്ട്.
ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് ഭാസുരാംഗന്‍ പറഞ്ഞത് ഒരു ഉന്നത ഇടതുപക്ഷ നേതാവാണ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിച്ചതെന്നാണ്. ഇഡി അന്വേഷണത്തിന് എത്തുന്നതിനു മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ എംഎല്‍എ ഇടപെട്ട് യോഗം വിളിക്കണം എന്ന് ഭാസരരാംഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനും എംഎല്‍എക്ക് മൗനം ആയിരുന്നു.
മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍
ഇടതുപക്ഷ നേതാക്കളുടെ ബിനാമി അക്കൗണ്ടുകളും കോണ്‍ഗ്രസിലെ മുന്‍ മന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമാണ് ബാങ്കില്‍ ഉള്ളത്. ബാങ്കിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നുതുടങ്ങിയപ്പോള്‍ കാട്ടാക്കടയിലെ ഒരു പ്രമുഖ നേതാവ് എണ്‍പത് ലക്ഷം രൂപയോളം പെട്ടെന്ന് പിന്‍വലിച്ചിരുന്നു. മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗവും ബാങ്ക് ഭരണസമിതിയിലെ മുന്‍ അംഗവുമായിരുന്ന സിപിഎമ്മിലെ ഉന്നതന്‍ തൂങ്ങാന്‍ പാറയിലെ രണ്ടര സെന്റ് വസ്തു ഈട് നല്‍കി വിവിധ ഘട്ടങ്ങളിലായി 30 ലക്ഷത്തിലധികം രൂപയും ബന്ധുക്കളുടെ പേരില്‍ 50 ലക്ഷത്തോളം രൂപയും വായ്പ വാങ്ങിയിട്ടുണ്ട്. ഈട് നല്‍കിയിരിക്കുന്ന വസ്തുവിന്റെ മൂന്ന് ഇരട്ടിയിലധികം തുക എംഡിഎസ് അഡ്വാന്‍സായും ഈ അംഗം കൈപ്പറ്റി. മൂന്ന് സെന്റില്‍ താഴെയുള്ള വസ്തുക്കള്‍ ഈടായി സ്വീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ നില നില്‍ക്കെയാണ് വന്‍ തുക നല്‍കിയത്. ഈ വായ്പകള്‍ തിരിച്ച് അടച്ചിട്ടില്ല.
ഭാസുരാംഗന്റെ സന്തതസഹചാരിയായിരുന്ന റിട്ട. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ മറ്റൊരു ഭരണ സമിതി അംഗം കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചു. വരവില്‍ കവിഞ്ഞ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. കണ്ടല സഹകരണ ബാങ്കിലെയും സഹകരണ ആശുപത്രിയിലെയും പ്രിന്റിംഗ് പര്‍ച്ചേസ് ചുമതല വഹിച്ചിരുന്നത് ഈ അംഗമായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ബാങ്കിലെ ഭരണ സമിതി അംഗമായി ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഇദ്ദേഹം ഭാസുരാംഗന്റെ വിശ്വസ്തനും സന്തതസഹചാരിയും ആയിരുന്നു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സഹകരണ ആശുപത്രിയില്‍ ജോലി നല്‍കി ഇദ്ദേഹത്തെ ആശുപത്രിയിലെയും ബാങ്കിലെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള വഴിയൊരുക്കി. സ്വന്തമായി ഒരു കന്നുകാലി പോലും ഇല്ലാത്ത ഇദ്ദേഹത്തെ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള മാറനല്ലൂര്‍ ക്ഷീരയുടെ ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത അംഗമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: