തിരുവനന്തപുരം : നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമായി ബസ് ഒരുക്കിയത് ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു കോടി അഞ്ച് ലക്ഷത്തിന്റെ വാഹനം എന്നൊക്കെ മാധ്യമങ്ങളില്‍ എഴുതിപിടിപ്പിച്ചത് അത്രയും ആഢംബരമല്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഇത്രയും വലിയ തുകയില്‍ ബസ് വാങ്ങുന്നത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
നവകേരള യാത്രയില്‍ മന്ത്രിമാര്‍ക്കായി 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോര്‍ട്ട് വാഹനങ്ങളും വേണ്ടി വരും. ഇതുകൂടാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം എല്ലാവര്ക്കും സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കും ഇതെല്ലാം കുറയ്ക്കുന്നതിനായാണ് ബസ് വാങ്ങിയത്. ബെംഗളൂരുവില്‍നിന്ന് പുതിയ ബസ് വരുന്നുവെന്ന വാര്‍ത്ത ശരിയല്ല. ആ ബസില്‍ ടോയ്ലറ്റ് സൗകര്യമുണ്ട്. അതല്ലാതെ മാധ്യമങ്ങള്‍ പറയുന്ന വിധത്തില്‍ യാതൊരു ആര്‍ഭാഡവും ആ ബസിനുള്ളിലില്ല.
നിലവില്‍ 1.38 കോടി രൂപ വരെ വിലയുള്ള എട്ടു വോള്‍വോ ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. ആ സര്‍വീസുകള്‍ ലാഭത്തിലുമാണ്. അതുകൊണ്ടുതന്നെ ബെന്‍സ് വണ്ടികള്‍ കെഎസ്ആര്‍ടിസി വാങ്ങുന്നത് പുതിയ സംഭവമല്ല. ഇതും ബെന്‍സ് വണ്ടി തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന കെഎസ്ആര്‍ടിസിയുടെ പരിപാടിയാണ് ബജറ്റ് ടൂറിസം. അതില്‍ത്തന്നെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചു പോകാവുന്ന ടോയ്ലെറ്റ് സൗകര്യമുള്ള 25 സീറ്റ് വണ്ടികളുണ്ടോ എന്നുള്ള അന്വേഷണം പലതവണ വന്നിരുന്നു. അന്ന് നമുക്ക് കൊടുക്കാന്‍ അത്തരം വണ്ടികളുണ്ടായിരുന്നില്ല.
വിഎസ്എസ്സിക്ക് തമിഴ്നാട്ടിലേക്ക് അവരുടെ ശാസ്ത്രജ്ഞരെ കൊണ്ടുപോകാന്‍ നമ്മുടെ ഒരു വണ്ടി എന്നും ഓടുന്നുണ്ട്. അവരും ടോയ്ലെറ്റ് സൗകര്യമുള്ള കുറച്ചുകൂടി നല്ല ഒരു ബസ് കിട്ടുമോ എന്നു ചോദിച്ചിരുന്നു. അവര്‍ക്കും കൊടുക്കാന്‍ ബസുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതു കഴിഞ്ഞാലും ഇത്തരം ആവശ്യങ്ങള്‍ക്കായി ഈ ബസ് നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി 75 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ 50 കോടി രൂപയ്ക്ക് 131 സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ടെന്‍ഡര്‍ നല്കി. ബാക്കി 25 കോടിക്ക് ഇതുപോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ബസുകള്‍ വേണമെന്നുള്ള രീതിയിലാണ് കെഎസ്ആര്‍ടിസി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായത്തോടെ ഒരു ബസ് കൂടി കിട്ടുകയാണ്. നവകേരള സദസിനുശേഷം ഈ ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ച് വിജയകരമെന്നു കണ്ടാല്‍ ഇത്തരം കൂടുതല്‍ ബസുകള്‍ ഇറക്കുന്ന കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നവകേരള സദസ്സിനായി ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് ബസ് വാങ്ങിക്കാന്‍ പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്. ബസിനായി 1.05 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22 ന് സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: