ആലുവായില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് വിചാരണ കോടതി അര്‍ഹിക്കുന്ന ശിക്ഷതന്നെ നല്കിയിരിക്കുന്നു. ബീഹാര്‍ സ്വദേശി തന്നെയായ ഒരു പിഞ്ചുകുഞ്ഞിനോട് പ്രാകൃതമായി പെരുമാറിയ ഈ നരാധമന് വധശിക്ഷയ്ക്കു പുറമെ വിവിധവകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാ വിധി ശിശുദിനത്തിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പ്രായം പരിഗണിച്ചും, മനഃപരിവര്‍ത്തനത്തിനുള്ള അവസരം നല്‍കാനും ശിക്ഷയില്‍ ഇളവുവേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ കോടതി തള്ളിക്കളഞ്ഞു. ശിക്ഷാവിധിയുടെ മുന്‍പായി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന തീരുമാനത്തില്‍ കോടതി എത്തിയത്. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് മാതാപിതാക്കളില്ലാത്ത നേരത്ത് പിഞ്ചുകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി പെരിയാറിന്റെ തീരത്തെ ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം നടത്തിയ ദിവസം രാത്രിയില്‍ തന്നെ പ്രതിയെ ആലുവയില്‍നിന്ന് പിടികൂടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യഥാസമയം അന്വേഷിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ആക്ഷേപമുയരുകയുണ്ടായി. പ്രതിക്ക് കൊലക്കയര്‍ ലഭിക്കുമ്പോഴും പോലീസിന്റെ ഈ അനാസ്ഥ മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. പ്രതിക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളില്‍ പതിമൂന്നും തെളിയിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കുറ്റകൃത്യം ചെയ്തയാളോടുള്ള പ്രതിഷേധവും അമര്‍ഷവും ജനങ്ങളില്‍ ഇപ്പോഴും നിലനില്ക്കുന്നു എന്നതിന് തെളിവാണ് ശിക്ഷാവിധി കേള്‍ക്കാന്‍ കൊണ്ടുവന്ന പ്രതിയോടുള്ള അവരുടെ പ്രതികരണം. ജനരോഷത്താല്‍ പ്രതിയെ കോടതിമുറിയില്‍ എത്തിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇരയുടെ ജീവനെടുക്കുന്നതുള്‍പ്പെടെ ക്രൂരമായ ലൈംഗിക പീഡനക്കേസുകളിലെ പ്രതികള്‍ക്ക് പല കാരണങ്ങളാല്‍ മുന്‍കാലങ്ങളില്‍ മതിയായ ശിക്ഷ ലഭിക്കാത്തത് വലിയ ജനരോഷമുണ്ടാക്കിയിട്ടുണ്ട്. തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയതും, പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതികളും നീതി നടപ്പാവണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തുകയുണ്ടായി. ആലുവായിലെ കൊടുംക്രൂരതയ്ക്ക് അസ്ഫാക് ആലമിന് ലഭിച്ച ശിക്ഷയെ ഇതില്‍നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ കാണും. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു കോടതി വിശേഷിപ്പിച്ച കുറ്റകൃത്യത്തിന് അപൂര്‍വ ശിക്ഷതന്നെ വിധിച്ചത് സമൂഹ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തും. നിയമത്തിന്റെ പഴുതുകളും കോടതി വ്യവഹാരങ്ങളുടെ സാങ്കേതികത്വവും ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്നത് നിയമവാഴ്ചയിലുള്ള വിശ്വാസ്യത നശിപ്പിക്കും. രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലയിലെ പ്രതി അടുത്തിടെ ജയില്‍ മോചിതനായത് ഇതിനുദാഹരണമാണ്.
കൊടിയ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെതിരെ വലിയ പ്രചാരവേലയാണ് കുറെക്കാലമായി രാജ്യത്ത് നടക്കുന്നത്. വധശിക്ഷ മനുഷ്യാവകാശ ലംഘനമായി കാണുന്നവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് അരാജകത്വം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ചില വൈദേശിക ശക്തികളാണ് വധശിക്ഷയ്ക്കെതിരെ കോലാഹലമുണ്ടാക്കുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചപ്പോഴും അത് നടപ്പാക്കിയപ്പോഴും ചിലര്‍ അതിനെതിരെ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കസബ് ഇപ്രകാരം ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ സമൂഹ മനഃസാക്ഷി തൃപ്തിപ്പെടില്ലെന്നാണ് ദയാഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ചത്. രാജ്യദ്രോഹക്കുറ്റം ചെയ്യുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്യുന്ന ഭീകരരെ തൂക്കുകയറില്‍നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണ് വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉയരാറുള്ളത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുന്നില്ല. എന്നുമാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്തു. കൊടുംകുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന ആവശ്യം പൊതുവെ ഉയരാറുള്ളതാണെങ്കിലും അങ്ങനെ സംഭവിക്കുന്നത് അപൂര്‍വമാണ്. അസ്ഫാക് ആലമിന് ലഭിച്ച മരണംവരെയുള്ള ജീവപര്യന്തം തടവുകളും വധശിക്ഷയും മാതൃകാപരമാണ്. നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളോട് ഒരാളും അതിക്രമം കാണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവിക്കാനുള്ള അവകാശം തങ്ങളില്‍നിന്ന് എടുത്തുമാറ്റപ്പെടുമെന്ന് ഓരോ കുറ്റവാളിക്കും തോന്നണം. ബോധവല്‍ക്കരണമല്ല, ഭയമാണ് പലരെയും കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ആലുവായില്‍ കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചു എന്നു കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: