ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ സാകേതില്‍ നിര്‍മിച്ച ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി സെന്റര്‍ 20ന് വൈകിട്ട് 5ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. അനില്‍ ജെയിന് എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് വിശിഷ്ടാതിഥിയാകും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ പ്രസംഗിക്കും.
12,000 ചതുരശ്രഅടി വിസ്തൃതിയുള്ള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍ നൈപുണ്യവികസന പരിശീലന കേന്ദ്രവും രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്, മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവും ഉണ്ടാകും. രാജ്യതലസ്ഥാനത്ത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഒരു വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 17ന് വൈകിട്ട് 5ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നിര്‍വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന് അധ്യക്ഷത വഹിക്കും. 17, 18 തീയതികളില്‍ കേന്ദ്രസംസ്കൃത സര്‍വകലാശാലയുമായി സഹകരിച്ച് ദല്‍ഹി ജെഎന്‍യുവില്‍ ‘ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം- ധര്‍മ്മവും ശാന്തിഗിരി പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം ഡോ. സോണാല്‍ മാന്‍സിങ് നിര്‍വഹിക്കും.
കേന്ദ്രസംസ്കൃത സര്‍വകലാശാല വിസി പ്രൊഫ. ശ്രീനിവാസ വരഖേദി, ഗുജറാത്ത് യൂണിവേഴ്സിറ്റി വിസി പ്രൊഫ. നീരജ് ഗുപ്ത, മുന്‍ എം.പി പ്രൊഫ.പദ്മഭൂഷന്‍ മൃണാല്‍ മിരി തുടങ്ങിയവര്‍ പ്രസംഗിക്കും. 19ന് സില്‍വര്‍ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിന് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരി തെളിയിക്കും. ഉച്ചയ്ക്ക് 12ന് പൊതുസമ്മേളനം ചേരും. വൈകിട്ട് 6ന് ദീപപ്രദക്ഷിണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: