വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഒരേസമയം കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാവുന്ന ഗ്രൂപ്പ് കോള്‍ ഫീച്ചറിലാണ് പുതിയ അപ്ഡേറ്റ് എത്തുക.
വലിയ ഗ്രൂപ്പുകളില്‍ എല്ലാവരും ഒരേസമയം ഗ്രൂപ്പ് കോളുകളില്‍ പങ്കെടുക്കണമെന്നില്ല. എല്ലാവരും പങ്കെടുക്കാതെ വരുമ്പോള്‍ തുടര്‍ച്ചയായി റിംഗ് ചെയ്യുന്നത് സുഗമമായ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായണ് വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കുക.
വലിയ ഗ്രൂപ്പുകളിലാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യുക. ഗ്രൂപ്പില്‍ മെസേജ് ചെയ്യുന്നതിനൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തത്സമയം സംസാരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. വോയ്സ് ചാറ്റ് തുടങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും. കോളിന് പകരം ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പാണ് പുഷ് നോട്ടിഫിക്കേഷന്‍ വഴി നല്‍കുന്നത്. ഇതിനോടൊപ്പം ഇന്‍ ചാറ്റ് ബബിളും ഉണ്ടായിരിക്കും. ഇത് ടാപ്പ് ചെയ്ത് വോയ്സ് ചാറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം.
സ്ക്രീനിന്റെ അടിയില്‍ നല്‍കിയിരിക്കുന്ന ബാനറിലൂടെ ആരെല്ലാം വോയ്സ് ചാറ്റില്‍ ചേര്‍ന്നിട്ടുണ്ട് എന്ന് അറിയാനും സാധിക്കും. ചാറ്റില്‍ നിന്ന് എല്ലാവരും പോകുന്നതിന് അനുസരിച്ച് വോയ്സ് ചാറ്റ് ഓട്ടോമാറ്റിക്കായി അവസാനിക്കും. 60 മിനിറ്റിനുള്ളില്‍ പങ്കെടുത്തില്ലായെങ്കിലും ചാറ്റ് സ്വാഭാവികമായി അവസാനിക്കും . 33 മുതല്‍ 128 പേര് വരെ അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ വോയ്സ് ചാറ്റ് ഫീച്ചര്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: