മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് വിജയം. അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. ആദ്യം പിന്നിട്ടുനിന്ന ശേഷമായിരുന്നു കറ്റാലന്‍ പടയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ജിറോണയുമായുള്ള വ്യത്യാസം നാല് പോയിന്റിലേക്ക് ചുരുക്കാനും ബാഴ്സക്കായി. റയല്‍ മാഡ്രിഡ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ജിറോണയ്ക്ക് 13 കളികളില്‍ നിന്ന് 34 പോയിന്റും റയലിന് 32 പോയിന്റുമാണുള്ളത്. ബാഴ്സയ്ക്ക് 30 പോയിന്റും.
മത്സരം ആരംഭിച്ച് 17-ാം സെക്കന്റില്‍ ബാഴ്സ വലയില്‍ പന്തെത്തി. ഗുണ്ടോഗന്റെ പിഴവില്‍ നിന്നും കൈക്കലാക്കിയ പന്തില്‍ കൗണ്ടര്‍ നീക്കം ആരംഭിച്ച അലാവസിന് വേണ്ടി ഹാവി ലോപസിന്റെ പാസില്‍ നിന്നും സാമു ഒമോറോഡിയോണ്‍ ആണ് വല കുലുക്കിയത്. ഈ ഗോളിന് അലാവസ് ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ചത് മുതല്‍ ബാഴ്സ കരുത്തറിയിച്ചു തുടങ്ങി. ഇതോടെ അലാവസ് കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 53-ാം മിനിറ്റില്‍ ജൂള്‍സ് കൊണ്ടെയുടെ മികച്ചൊരു ക്രോസില്‍ തകര്‍പ്പന്‍ ഹെഡര്‍ ഉതിര്‍ത്ത് ലെവന്‍ഡോവ്സ്കി ബാഴ്സക്ക് സമനില ഗോള്‍ സമ്മാനിച്ചു. പിന്നീട് 78-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. ഫെറാന്‍ ടോറസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്കി ലക്ഷ്യത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: