ആലപ്പുഴ: കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച ആലപ്പുഴ ജില്ലാ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ നെല്ലിന്റെ സംഭരണ വില വായ്പയായി നല്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് അവരുടെ നെല്ലിന്റെ വില സംഭരിക്കുമ്പോള്‍ തന്നെ പണമായി നല്കാന്‍ സപ്ലൈകോ തയാറാവണം, രാജ്യത്തൊരിടത്തും നിലവിലില്ലാത്ത നെല്ലുവില കര്‍ഷകന്റെ ഗ്യാരന്റിയില്‍ വായ്പയായി നല്കുന്നത് കര്‍ഷക വഞ്ചനയാണ്. തെറ്റായ ഈ നയമാണ് തകഴിയിലെ നെല്‍കര്‍ഷകനായ പ്രസാദിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രസാദിന്റെ മരണ മൊഴി അനുസരിച്ച് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. പ്രസാദിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നല്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ ടൗണ്‍ ഹാളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കളക്‌ട്രേറ്റിന് സമീപം പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു.
തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി, ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കളക്‌ട്രേറ്റിന് മുന്‍വശമുള്ള റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: