കോഴിക്കോട്: അവിശ്വാസികളായ പാര്‍ട്ടിക്കാരുടെ കൈയില്‍ ക്ഷേത്ര സമിതികളുടെ ഭരണമേല്പ്പിച്ച് വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക- മഹാസാമൂഹ്യരാധന- ദീപാവലി ആഘോഷങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ട് ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ വിശ്വാസികളായിരുന്നു. എന്നാല്‍ ഇന്ന് തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ തിരുകിക്കയറ്റി ഹിന്ദുവിന്റെ വിശ്വാസത്തെയും ആചാരത്തെയും അടിച്ചമര്‍ത്താനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായ സംഘടിതമായ ശ്രമമാണിത്.
മതേതരക്കാരാണ് എന്ന് പറയുന്ന ഭരണകൂടം എന്തുകൊണ്ട് ഹിന്ദുവിന്റെ അമ്പലത്തില്‍ മാത്രം അവകാശികളാകുന്നു. എന്തുകൊണ്ട് എല്ലാവരുടെയും ആരാധനാലയത്തില്‍ ഈ അവകാശം കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഹിന്ദു സംഘടന പ്രവര്ത്തകന്മാര് ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ വരാന്‍ പാടില്ല എന്നാണ്. ക്ഷേത്രത്തെ സംരക്ഷിച്ചു നിര്‍ത്തിയ ആളുകള്‍ ആരും ക്ഷേത്രത്തിന്റെ ഭാഗത്ത് വരാന്‍ പാടില്ല എന്ന് പറയുന്നതിന് കാരണം ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് കക്കാനും അഴിമതി നടത്താനുമാണ്. സമിതിയുടെ നേതൃത്വത്തില്‍ വരും നാളുകളില്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ഐക്യത്തിലൂടെ രൂപപ്പെടുത്തിയ ക്ഷേത്രത്തിന്റെ ഭരണം ഭക്തജനങ്ങള്‍ക്ക് വേണം. ഇതിന് പ്രക്ഷോഭം അനിവാര്യമാണ്. സര്‍ക്കാര്‍ പറയുന്നത് ക്ഷേത്രസംരക്ഷണത്തിനു വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. എന്നാല്‍ നമ്മുടെ മുമ്പില്‍ ചിത്രങ്ങളുണ്ട് ശബരിമലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ദര്‍ശനം നടത്തുന്നുണ്ട്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സി. സുജയന്‍ അധ്യക്ഷനായി. ഇ.കെ. കുഞ്ഞിരാമന്, സജിത പുനത്തില്‍, ഗീതപ്രകാശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: