പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം അനുവദിച്ച തുക യഥാസമയം കിട്ടാതെ കടക്കെണിണിയിലായെന്ന് കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ഓമല്ലൂര്‍ പള്ളം ബിജു ഭവനത്തില്‍ ഗോപിയുടെ (70) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം പണി പൂര്‍ത്തിയാകാത്ത വീടിന് സമീപത്തെ റോഡില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പണം ലഭിക്കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. ലഭിച്ച ആദ്യഗഡുവും കടം വാങ്ങിയ പണവും വിനിയോഗിച്ച് വീടു നിര്‍മാണം പാതി വഴിയിലായി. പഞ്ചായത്തില്‍ നിന്നും പണം ലഭിക്കാതായതോടെ കടം വാങ്ങിയ തുക തിരികെ നല്കാനായില്ല. ഇത് ഗോപിയെ ഏറെ മാനസിക സമ്മര്‍ദത്തിലാക്കിയതായി ബന്ധുക്കള്‍ പറയുന്നു.
ആദ്യ ഗഡുവായി ലഭിച്ച തുക വിനിയോഗിച്ച് വീടിന്റെ അടിത്തറ നിര്‍മിച്ചിരുന്നു. പീന്നീട് പലരില്‍ നിന്നും കടം വാങ്ങി നിര്‍മാണം തുടര്‍ന്നെങ്കിലും പഞ്ചായത്തില്‍ നിന്ന് പണം ലഭിച്ചിരുന്നില്ല. ഇതോടെ കടക്കെണിയിലായ ഗോപി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും സെക്രട്ടറിക്കെതിരെയും കേസെടുക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന് കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: