ലെപ്ച (ഹിമാചല്‍പ്രദേശ്): ഹിമവാന്റെ ഔന്നത്യത്തോടെ ഭാരതത്തിന്റെ വീരസൈനികര്‍ നിലയുറപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്ര നിര്‍മാണത്തില്‍ സമാനതകളില്ലാത്ത സേവനമാണ് സൈനികരുടേത്. അന്താരാഷ്ട്രതലത്തിലും അവര്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്നു. പലകാര്യത്തിലും ലോകം ഭാരതത്തെ ഉറ്റുനോക്കുമ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കുക എന്നതിനു വലിയ പ്രാധാന്യമുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സമാധാന ദൗത്യങ്ങളില്‍ ഭാരതത്തിന് മികച്ച പ്രതിച്ഛായ ലഭിച്ചത് സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. നമ്മുടെ ധീര സൈനികര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത എന്തു വെല്ലുവിളിയാണുള്ളത്. സൈന്യത്തില്‍ നാരീശക്തിയുടെ മുന്നേറ്റം കണ്ട നാളുകളാണിത്. അഞ്ഞൂറു വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്മനെന്റ് കമ്മിഷന് പദവി നല്കി. നമ്മുടെ വനിതാ പൈലറ്റുമാര്‍ റഫാല്‍ പറപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ചൈനീസ് അതിര്‍ത്തിയുള്ള ലെപ്ച സ്റ്റേഷനില്‍ കരസേനയിലേയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റേയും സൈനികരെയാണ വിന്യസിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത് വൈകാരികവും അഭിമാനപരവുമായ നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് എക്സില്‍ കുറിച്ചു.
കരസേനാ മേധാവി മനോജ് പാണ്ഡെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ഹര്‍സില്‍ സെക്ടര്‍ സന്ദര്‍ശിച്ച് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഹിമാലയത്തിലെ ഗഡ്വാളിലാണ് ഹര്‍സില്‍ സെക്ടര്‍. സൈന്യത്തില്സാങ്കോതിക തലത്തില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കരസേനാ മേധാവി വിശദീകരിച്ചെന്ന് സൈന്യത്തിന്റെ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: