കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിക്ക് സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയതിനെ പരിഹസിച്ച് ബിജെപി.
ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ ഫാല്‍ത്ത എന്ന സ്ഥലത്ത് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അഭിഷേകിന് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ 33 പേജുള്ള രേഖ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പുറത്തു വിട്ടു. ഡയമണ്ട് ഹാര്‍ബര്‍ എന്ന നാട്ടുരാജ്യത്തെ അവസാനത്തെ രാജാവായ കിങ് ലയറിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങള്‍ നോക്കൂ എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് സുവേന്ദു എക്സില്‍ പോസ്റ്റ് ചെയ്തത്.
കാളിഘട്ടില്‍ നിന്ന് ഫാല്‍ത്ത വരെയാണ് അഭിഷേക് സഞ്ചരിച്ചത്. യൂണിഫോമിലും മഫ്തിയിലുമുള്ള പോലീസുദ്യോഗസ്ഥര്‍, ട്രാഫിക് പോലീസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 4700 പേരെ സുരക്ഷയ്ക്കായി വിന്യസിച്ചു എന്നാണ് സുവേന്ദു പറയുന്നത്.
ഒരു ചക്രവര്‍ത്തിയും ഇത്രമാത്രം സുരക്ഷയോടെ സഞ്ചരിച്ചതായി അറിവില്ല, അതും ഏതാനും വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍. ബഹുമാനപ്പെട്ട രാഷ്ട്രപതിക്കുപോലും ഇത്രമാത്രം സുരക്ഷയുണ്ടെന്നു തോന്നുന്നില്ല, സുവേന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: