തിരുവനന്തപുരം: ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിന്റെ അവഗണന തുടരുകയാണെന്ന് കെ.സുരേന്ദ്രൻ. മണ്ഡലമാസ തീർത്ഥാടത്തിനുള്ള മുന്നൊരുക്കം പരിശോധിക്കാൻ നിലയ്‌ക്കലും പമ്പയിലും സന്ദർശനം നടത്തിയിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പമ്പയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്ലാസ്റ്റിക് നിരോധിത മേഖലയായ സന്നിധാനവും പമ്പയും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ സീസണിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യം ഈ സീസൺ തുടക്കമായിട്ടും ഇതുവരെ മാറ്റിയിട്ടില്ല. സീസണോട് അനുബന്ധിച്ച് അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിക്കാതെ കിടക്കുകയാണ്.
കഴിഞ്ഞ പ്രളയത്തിനു ശേഷം അഞ്ചു വർഷം കഴിഞ്ഞിട്ടും പമ്പാ സ്നാനം ചെയ്യുന്നതിനുള്ള കുളിക്കടവുകൾ ഒന്നും തന്നെ വൃത്തിയാക്കാതെ കിടക്കുകയാണ്. പടവുകളിലെ കല്ലുകൾ ഇളകി അപകടകരമാംവിധം കിടക്കുന്നു. പമ്പാസ്നാനം കഴിഞ്ഞ് കയറുന്ന മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറുവാനുള്ള സൗകര്യങ്ങൾ ഇതുവരെയും ചെയ്തിട്ടില്ല. സന്നിധാനത്ത് തിരക്ക് കൂടുമ്പോൾ പമ്പ മണപ്പുറത്തെ നടപ്പന്തലിൽ ആണ് അയ്യപ്പന്മാരെ നിയന്ത്രിച്ച് നിർത്തുന്നത്. ആ നടപ്പന്തലിന്റെ നിർമ്മാണം എങ്ങും എത്താതെ നിൽക്കുന്നു. ചാലക്കയം മുതൽ പമ്പ വരെയുള്ള നാല് കിലോമീറ്റർ ദൂരം ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുന്നു.
അവസാനനിമിഷം വരെ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ സ്വന്തക്കാർക്ക് വേണ്ടി ടെൻഡർ നടപടികൾ വൈകിപ്പിച്ച് ഇഷ്ടമുള്ള ആളിനെ കൊണ്ട് വർക്ക് ചെയ്യിപ്പിക്കുകയാണ്. നിലയ്‌ക്കലിലേക്കുള്ള കുടിവെള്ള പദ്ധതി മുഴുവൻ താറുമാറായി കിടക്കുന്നു. പമ്പയിൽ നിന്നും പെരുനാട്ടിൽ നിന്നും സീതതോട്ടിൽ നിന്നും ടാങ്കർ മാർഗ്ഗമാണ് കുടിവെള്ളമെത്തിക്കുന്നത്. ഇത് തിരുവനന്തപുരത്തെ കരാറുകാരന് വേണ്ടിയാണ്. നിലയ്‌ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസ്സിൽ കയറുന്ന അയ്യപ്പഭക്തർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. തിരിച്ചു പമ്പയിൽ നിന്നും കയറുമ്പോഴും ഇതേ പ്രശ്നങ്ങൾ ആവർത്തിക്കുന്നു. ഇരട്ടിയിലധികം ബസ് ചാർജ് ആണ് വാങ്ങുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: