പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ശബരിമല തീര്‍ഥാടന സൗകര്യങ്ങള്‍ വിലയിരുത്തുവാന്‍ നിലയ്ക്കലിലും പമ്പയിലും എത്തിയതായിരുന്നു അദ്ദേഹം. എവിടെയും മാലിന്യക്കൂമ്പാരമാണ്, ടോയ്ലെറ്റുകളില് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കിയിട്ടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
തീര്‍ത്ഥാടകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത്. 2018ലെ പ്രളയത്തില്‍ തകര്‍ന്ന പമ്പയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു ശ്രമവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയായ ശൗചാലയങ്ങള്‍ ഇത്തവണയും തുറന്നുകൊടുക്കാനുള്ള ശ്രമമില്ല. നിലയ്ക്കലില്‍ സ്വാമിമാര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രം വൃത്തിഹീനമാണ്. പമ്പയിലെ ആറാട്ട് കടവ് വൃത്തിഹീനമായ നിലയിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും സ്നാനഘട്ടങ്ങളും സംരക്ഷിക്കുന്നത് കേരള സര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ സൂരജ്, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി തോമസ്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: