മാധ്യമ പ്രവര്‍ത്തകരെ ‘മാപ്ര’കള്‍ എന്ന് ആദ്യം വിളിച്ചതാരാണ്? ആരായാലും സ്വന്തം ലേഖകനെ ‘സ്വലേ’ എന്നും പ്രത്യേക ലേഖകനെ ‘പ്രലേ’ എന്നും പത്രലേഖകര്തന്നെ വിളിച്ചിരുന്നതുപോലെ, ‘മാപ്ര’കള്‍ എന്ന് മാധ്യമ പ്രവര്‍ത്തകരും പറയാന്‍ മടിക്കാത്ത സ്ഥിതിയായി. അങ്ങനെ, പരിഹസിക്കാന്‍ വിളിച്ചപേര് ‘ചെല്ലപ്പേരാ’യി. ആര്‍എസ്എസിനേയും ആ ആശയം പിന്തുരുന്ന സംഘടനകളേയും ‘സംഘപരിവാര്‍’ എന്നും ‘പരിവാര്‍’ എന്നും ചിലര്‍ വിളിച്ചുതുടങ്ങിയത് ആദ്യകാലത്ത് ആക്ഷേപിക്കാനായിരുന്നു. പക്ഷേ ‘പരിവാര്‍’ എന്നാല്‍ ‘കുടുംബം’ ആണെന്നും ആര്‍എസ്എസ് സങ്കല്‍പ്പത്തില്‍ ലോകംതന്നെ കുടുംബമാണെന്നും അതിനാല്‍ പരിവാര്‍ വിളി അഭിമാനമാണെന്നും അവര്‍ പറഞ്ഞപ്പോള്‍ ‘സംഘി’കള്‍ എന്നാക്കി വിളി. അതിലും തെല്ലും ആക്ഷേപം കാണാതിരിക്കുന്ന സ്ഥിതിവന്നതോടെ ‘സംഘി’ എന്ന പുതിയ വാക്കുതന്നെ ഭാഷയില്‍ സ്വീകാര്യമായി. (പരിഹസിക്കുന്നവര്‍ക്ക് വീണ വിളിപ്പേര് അത്ര മേന്മയുള്ളതായതുമില്ല). എന്നാല്‍, ചില മാധ്യമപ്രവര്‍ത്തകരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ആ പേരുവിളിച്ചത് അത്ര സുഖകരമായില്ല, സ്വീകാര്യമായില്ല. മന്ത്രിക്ക് ആ വിശേഷണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നു.
വാസ്തവത്തില്‍ ‘പ്രെസ്റ്റിറ്റിയൂട്ട്’ എന്ന് മാധ്യമ പ്രവര്‍ത്തകരെ ആദ്യം വിളിച്ചത് അമേരിക്കന്‍ ഗവേഷകനായ ‘ജെറാള്‍ഡ് സെലന്റെ’യാണ്. പ്രസ്സ് (പത്രം) പ്രോസ്റ്റിറ്റിയൂട്ട് (ശരീരം വില്ക്കുന്നവര്) എന്നീ വാക്കുകള്‍ കൃത്രിമമായി ചേര്‍ത്താണ് അതുണ്ടാക്കിയത്. ”പക്ഷപാതപരമായി, മുന്‍ നിശ്ചയിച്ച പ്രകാരം സാമ്പത്തിക-കച്ചവട നേട്ടത്തിനോ മറ്റോ ഉള്ള ലക്ഷ്യത്തോടെ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ധര്‍മമായ നിഷ്പക്ഷ വാര്‍ത്ത എഴുത്ത് മറന്ന്, പക്ഷം പിടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ പത്രപ്രവര്‍ത്തകരെ”യാണ് ജെറാള്‍ഡ് സെലന്റെ ‘പ്രസ്റ്റിറ്റിയൂട്ടുകള്‍’ എന്ന വിളിയിലൂടെ വിമര്‍ശിച്ചത്. ‘മാപ്ര’കള്‍ എന്ന വിളി അത്രത്തോളം അപകടമല്ല.
മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ന്നു, കൂടുതല്‍ തകരുന്നു എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണക്കാര്‍ ആരാണെന്നും. വിശ്വാസം വീണ്ടെടുക്കാന്‍ എന്താണ് വേണ്ടതെന്ന കാര്യത്തിലും അഭിപ്രായങ്ങള്‍ ഏറെയുണ്ട്. സുരേഷ് ഗോപി എന്ന ചലച്ചിത്ര നടന്റെ കാര്യത്തില്‍ ഉണ്ടായ സംഭവഗതികളല്ല ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചചെയ്യാന്‍ കാരണമായത്. കഴിഞ്ഞയാഴ്ച കണ്ണൂരില്‍ രണ്ട് മാധ്യമ സെമിനാറുകള്‍ നടന്നു. രണ്ടും ‘മാപ്ര’കള്‍തന്നെ സംഘിപ്പിച്ചത്. ഒന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം-കേരളയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനമായിരുന്നു വേദി. മറ്റൊന്ന് കേരള യൂണിയന് ഓഫ് വര്‍ക്കിങ് ജേര്ണലിറ്റ്സിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ളതും. പത്രമാധ്യമപ്രവര്ത്തകരില് മുതിര്‍ന്നവര്‍, ഗൗരവമായി മാധ്യമപ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നവരാണ് രണ്ട് സെമിനാറുകളിലും പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
പൊതുവേ മാധ്യമങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചായിരുന്നു ഉത്കണ്ഠപ്പെട്ടത് എല്ലാവരും. വിശ്വാസ്യത നശിപ്പിക്കുന്നത് ആരാണെന്ന ചോദ്യത്തിന് പക്ഷേ വ്യത്യസ്ത അഭിപ്രായവും വന്നു. എന്നാല്‍, ജേര്‍ണലിസം അച്ചടി സമ്പ്രദായത്തില്‍നിന്ന് ഏറെ വളര്‍ന്ന കാലത്ത് ലളിതമായി നുണപറയാന്‍ പറ്റാതെ വരികയും പെരും നുണ അതിലളിതമായി പറയാന്‍ കഴിയുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കെ വ്യത്യസ്താഭിപ്രായങ്ങളില്‍ ചിലത് സാധാരണക്കാര്‍ക്കു മുന്നിലും അടിത്തറയില്ലാത്ത വാദങ്ങളായിപ്പോയി എന്ന് പറയാതെ പറ്റില്ല. കാരണം തത്സമയ കാഴ്ചയുടെയും കേള്‍വിയുടെയും കാലമായിരിക്കുന്നു ഇത്. ഒരിക്കല്‍ കണ്ടതും കേട്ടതും വീണ്ടും കേട്ടും കണ്ടും സൂക്ഷ്മമായി വിശകലനം ചെയ്ത് വിലയിരുത്തി പഠിക്കാന്‍ കഴിയുന്ന സാങ്കേതികതയായി. അതിനാല്‍ നുണ ലളിതമായി പറയാനാവില്ല. അതുകൊണ്ടുതന്നെ സെമിനാറില്‍ ഉയര്‍ന്ന പല വിമര്‍ശനങ്ങളും വിശകലനങ്ങളും സത്യമല്ലെന്ന നിരീക്ഷണത്തില്‍ സദസ്യരും കേള്‍വി-കാഴ്ചക്കാരും എത്തിച്ചേരുന്നു. ഫലം; പിന്നെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നായി.
ഫേക് ന്യൂസ്, നരേറ്റീവ്, പോസ്റ്റ് ട്രൂത്ത്, ബിഹൈന്‍ഡ് ന്യൂസ്, പോസ്റ്റ് ന്യൂസ് തുടങ്ങിയ ചില പദങ്ങളും അവയുടെ തന്നിഷ്ട പ്രകാരമുള്ള നിര്‍വചനങ്ങളും ചേര്‍ന്ന് വാര്‍ത്തയെ ഞെക്കിയും മുക്കിയും കൊല്ലുകയാണ്. മാധ്യമപ്രവര്‍ത്തകള്‍ ചിലരെങ്കിലും അതിന് കൂട്ടുനില്ക്കുകയുമാണ്. ‘ഇന്നതിനെ’ എതിര്‍ക്കുന്നതാണ് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇക്കാലത്തെ ധര്മമെന്നൊക്കെ ആഹ്വാനം ചെയ്യുമ്പോള്‍ ജെറാള്‍ഡ് സെലന്റേയുടെ പ്രയോഗത്തെ ശരിവെക്കുന്നവര്‍ കൂടിയാല്‍ കുറ്റം പറയാനാവില്ല.
വാര്‍ത്തയാകും മുമ്പ് അതില്‍ പറയുന്ന വസ്തുതകള്‍ ശരിയാണെന്ന്, അല്ല കിറുകൃത്യമാണെന്ന് ഉറപ്പാക്കുന്ന ജോലിയാണ് വാസ്തവത്തില്‍ ജേര്‍ണലിസ്റ്റിന്റേത്. വസ്തുതയേ വാര്‍ത്തയാകൂ, അപ്പോള്‍പ്പിന്നെ ‘ഫേക് ന്യൂസ്’ (വ്യാജവാര്‍ത്ത) എന്ന് പറയുന്നതുപോലും തെറ്റാണ്. തെറ്റായ വിവരങ്ങള്‍ വാര്‍ത്തയല്ല, തെറ്റിദ്ധരിപ്പിക്കുക എന്ന മുന്‍വിധി ജേര്ണലിസ്റ്റിന് ഉണ്ടാകുമ്പോള്‍ ജെറാള്‍ഡിന്റെ നിര്‍വചന പരിധിയില്‍ ആ വാര്‍ത്തയും വാര്‍ത്താ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.
‘പോസ്റ്റ് ട്രൂത്ത് ഇറ’ (സത്യാനന്തരകാലം) എന്ന പ്രയോഗവും വിശേഷണവുമാണ് മറ്റൊന്ന്. ട്രൂത്ത് (സത്യം) കഴിഞ്ഞൊരു കാലമുണ്ടോ? സര്‍വകാലത്തും നിലനില്ക്കുന്നതും മാറ്റമില്ലാത്തതുമാണ് സത്യം. സത്യത്തിനപ്പുറമോ ഇപ്പുറമോ ഇല്ല. പിന്നെ എങ്ങനെ സത്യാനന്തരമുണ്ടാകുന്നു? സത്യവിരുദ്ധകാലം ഉണ്ടാകാം. അമൂര്‍ത്തമായി അവതരിപ്പിക്കപ്പെടുന്നത് നല്ല വാര്‍ത്താ മാധ്യമപ്രവര്‍ത്തനമാകില്ല, അതും ജെറാള്‍ഡ് പറഞ്ഞിരിക്കുന്നു. ജെറാള്ഡിന് മുമ്പ് ഈശാവാസ്യോപനിഷത്ത് പറഞ്ഞു: ”ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം, തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്ടയേ” എന്ന് (ശ്ലോകം 15) ഒരു വിവര്‍ത്തനം ഇങ്ങനെ: ”മൂടപ്പെടുന്നു പൊന്‍പാത്രം/കൊണ്ടു സത്യമതിന് മുഖം/തുറക്കുകതു നീ പൂഷന്‍!/സത്യധര്‍മ്മന്നു കാണുവാന്‍” സൂര്യനാകേണ്ടവര് ‘ബ്ലാക് ഹോള്‍’ ആകുന്ന കാലമാണിത്. അത് പക്ഷേ സത്യം മരിച്ചിട്ടല്ല, മറച്ചിട്ടാണ്.
നരേറ്റീവുകളാണ് ഇന്ന് മാധ്യമങ്ങളുടെ രീതി. ആരുടെ നരേറ്റീവ്, ആര്‍ക്കുവേണ്ടിയുള്ള നരേറ്റീവ് എന്നതാണ് വിഷയം. അവിടെയും പക്ഷം പിടിച്ച്, കക്ഷിരാഷ്ട്രീയവും കോര്‍പ്പറേറ്റ് -കച്ചവട-വാണിജ്യ താല്പര്യവും വൈയക്തിക ലാഭവും തേടിപ്പോകുമ്പോള്‍ വഴിതെറ്റുകയും ജെറാള്ഡിയന് വിശേഷണങ്ങള്‍ക്ക് ‘വിധേയരാകുക’യും ചെയ്യും.
മാധ്യമങ്ങള്‍ക്കുമേലുള്ള മറ്റൊരു ആക്ഷേപം അവര്‍ ഭരിക്കുന്നവര്‍ക്കും പണച്ചാക്കുകള്‍ക്കും വന്‍കിട ബിസിനസ് ഇടപാടുകാര്‍ക്കും വശംവദരാകുന്നുവെന്നാണ്. അവര്‍ സ്വാധീനിക്കപ്പെടുന്നു, വിലയ്ക്കെടുക്കപ്പെടുന്നുവെന്നാണ്. ദുഃസ്വാധീനത്തില്‍പ്പെട്ട് പൊതുജന താല്പര്യത്തിനും അതുവഴി രാജ്യതാല്പര്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. പക്ഷേ, എല്ലാ മാധ്യമങ്ങളെക്കുറിച്ചും എല്ലാ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും ആ പരാതിയില്ല. പക്ഷേ അത്തരക്കാരില്ല എന്ന് ഒരു മാധ്യമപ്രവര്‍ത്തകനും ആണയിടാനും പറ്റില്ല. കാരണം ‘പെയ്ഡ് ന്യൂസ്’ എന്ന, പ്രതിഫലം വാങ്ങി വാര്‍ത്ത പ്രചരിപ്പിക്കുന്ന, മാധ്യമപ്രവര്‍ത്തകരുടെ കൂട്ടം പലകാലങ്ങളില്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടിട്ടുണ്ടല്ലോ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ചില മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്നതും നിയന്ത്രിക്കുന്നതും സര്‍വര്‍ക്കും അറിയാവുന്നതാണുതാനും.
പണ്ടുമുതലേ സോദ്ദേശ്യ പത്രപ്രവര്ത്തനവുമുണ്ടായിട്ടുണ്ട്. രാഷ്ട്രപിതാവ് തനിക്ക് പറയാനുള്ളത് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ നടത്തിയിരുന്നു. അവയൊക്കെയും പക്ഷേ സ്വന്തം ലക്ഷ്യവും മാര്‍ഗ്ഗവും, അത് വ്യക്തിയുടേതാണെങ്കിലും സംഘടനയുടേതാണെങ്കിലും, സമൂഹത്തിന് ഗുണകരമായി അറിയിക്കാനും അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുമായിരുന്നു. പകരം എതിരാളിയെ നശിപ്പിക്കാനും എതിര്‍ക്കാനും നിഗ്രഹിക്കാനുമായിരുന്നില്ല എന്നോര്‍ക്കണം. വ്യാജം പ്രചരിപ്പിച്ച് സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനായിരുന്നില്ല.
ഇന്ന് സര്‍ക്കാരുകളെ എതിര്‍ക്കാന്‍ സംഘടിതമായി പ്രവര്‍ത്തിക്കണമെന്ന് നിഷ്പക്ഷ പ്രവര്‍ത്തനം നടത്തേണ്ടവരുടെ സംഘടനയുടെ വേദിയില്‍പോലും ആഹ്വാനം ഉണ്ടാകുന്നു! അത് ഏകപക്ഷീയമായിപ്പോകുമ്പോള് ‘ജെറാള്‍ഡി’ന് കൈയടിക്കുന്നവരെ എങ്ങനെ വിമര്‍ശിക്കാനാകും. മാധ്യമപ്രവര്ത്തകന് സാധാരണ പൗരനുള്ളതിനപ്പുറം അവകാശമൊന്നുമില്ല. തൊഴില്‍പരമായ സംരക്ഷണം അര്‍ഹിക്കുന്നുണ്ട്.
വിശ്വാസ്യതയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. വിശ്വാസ്യത വീണ്ടെടുക്കണം. മാധ്യമങ്ങള്‍ മരിക്കുമോ? ഇല്ലാതാകുമോ? രൂപവും ഘടനയും വേദിയും മാറുമെന്നല്ലാതെ പൂര്‍ണമായി ഇല്ലാതാകുമെന്ന് പറയാനാവില്ല. അപ്പോഴും വിശ്വാസ്യത പ്രശ്നമാണ്. ‘നിര്‍മ്മിത ബുദ്ധി’യും മറ്റും പ്രവര്‍ത്തിപ്പിക്കുന്ന ബുദ്ധി ‘സ്വാഭാവിക ബുദ്ധി’യും അത് ‘സദ്ബുദ്ധി’യുമായി തുടരുക എന്നതാണ് വെല്ലുവിളി. പക്ഷം പിടിക്കാതെ, നിക്ഷിപ്ത താല്പര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിടാതെ, മത്സരങ്ങളില്‍ വിജയിക്കാന്‍ ധര്‍മ്മവിരുദ്ധമായി പ്രവര്‍ത്തിക്കാതെ കര്‍മ്മം തുടര്‍ന്നാല്‍ വിശ്വാസ്യത വീണ്ടെടുക്കാം. ലക്ഷ്യത്തെയും മാര്‍ഗ്ഗത്തെയും ധര്‍മത്തെയും കര്‍മത്തെയും പൊതുസ്വീകാര്യമായ നിര്വചത്തിനു പകരം സ്വന്തം നിര്വചനത്തിലൊതുക്കരുതെന്ന് മാത്രം.
പിന്കുറിപ്പ്:
തിരുവനന്തപുരത്ത് ‘മാനവീയം’ വീഥിയില്‍ ‘ആസുരീയ’മായത് പലതും നടക്കുന്നുവത്രെ! നിയന്ത്രണം കൊണ്ടുവരുന്നത്രെ! ”ഭോഷ്ക്” എന്നു വിളിക്കുകയേ തരമുള്ളു. ഒരു വശത്ത് സ്വാതന്ത്ര്യം എന്നാല്‍ തോന്നിവാസമാണെന്ന് നിര്‍വചിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. ചിലര്‍ അത് പ്രായോഗികമാക്കുമ്പോള്‍ നിയന്ത്രിക്കുന്നു. ഇതാണ് ഭോഷ്ക്. ആര്‍പ്പോ ആര്‍ത്തവവും ചുംബന പ്രദര്‍ശനവും താലിപൊട്ടിക്കലും പ്രധാനമന്ത്രിയെ തല്ലലും ലൈസന്‍സു വേണ്ടാത്ത ഷോകളാക്കുമ്പോള് ആലോചിക്കണമായിരുന്നു!! ഇനിയിപ്പോള്‍ പറയാനിതേ ഉള്ളു,”അനുഭവിച്ചോ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: