മലപ്പുറം: കസ്റ്റഡി മരണം, സ്വര്‍ണക്കടത്ത് തുടങ്ങി ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനെ സ്ഥലംമാറ്റി. സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെ സൂപ്രണ്ടായാണ് പുതിയ ചുമതല. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ടതോടെ സുജിത്ത് ദാസിനെ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയിലേക്ക് പരിശീലനത്തിന് അയച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി മലപ്പുറത്ത് തിരിച്ചെത്തി ചുമതലയേറ്റ് 40 ാം ദിവസമാണ് സ്ഥലംമാറ്റം.
കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് താനൂര്‍ സ്വദേശി താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ആദ്യഘട്ടത്തില്‍, യുവാവ് കുഴഞ്ഞുവീണു മരിച്ചുവെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. ബന്ധുക്കള്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിന് കസ്റ്റഡി മര്‍ദനമേറ്റുവെന്ന് വ്യക്തമായത്. സംഭവത്തില്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘത്തിലെ നാലു പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ സുജിത്ദാസിനെ ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ, സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറി.
സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ കോടികളുടെ സ്വര്‍ണം പിടികൂടിയത് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട സ്വര്‍ണക്കള്ളത്ത് കേസ് പുറത്തുകൊണ്ടുവന്നതും ഇതേ സംഘമാണ്. ജില്ലയുടെ പുതിയ പോലീസ് മേധാവിയായി കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ശശിധരന് ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: