ദുബായ്: യുഎഇയുടെ പാരമ്പര്യ തനിമകൾ വിളിച്ചോതുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഈ മാസം 17 ന് തുടങ്ങും. ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ ഫെസ്റ്റിവൽ നീണ്ടു നിൽക്കും. ഇന്നത്തെ തലമുറയെ യുഎഇയുടെ ചരിത്രം, പൈതൃകം എന്നിവയുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് മേളയുടെ ഭാഗമായി സംഘാടകർ ഒരുക്കുന്നത്.
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി യുഎഇയുടെ പൈതൃകമൂല്യങ്ങൾ എടുത്ത്കാട്ടുന്ന കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്. ഫെസ്റ്റിവലിൽ യുഎഇയിൽ നിന്നുള്ളതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതുമായ നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നതാണ്. നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ, യൂണിയൻ പരേഡ്, നാടന്‍ കലാരൂപങ്ങൾ, സംഗീത പരിപാടികൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ മുതലായവ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്നതാണ്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള കാഴ്ചാനുഭവങ്ങൾ നൽകുന്ന പരിപാടികൾ ഒരുക്കുന്നതിന് സംഘാടകർ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പരമ്പരാഗത വ്യവസായങ്ങളും കരകൗശലവസ്തുക്കളും പ്രതിനിധീകരിക്കുന്ന ജനകീയ പൈതൃകത്തിന്റെ വശങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംയോജിത പൈതൃക ഗ്രാമം ഇത്തവണ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നതാണ്.
വിനോദ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കുടുംബ സൗഹാർദ്ദപരവും വിനോദപരവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതായിരിക്കും ഈ ഹെറിറ്റേജ് വില്ലേജെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: