കൊച്ചി: വിപണിയിലെ ആവശ്യവും ലഭ്യതയും അടിസ്ഥാനമാക്കിയാണ് എയര്‍ലൈനുകള്‍ നിരക്ക് നിര്‍ണയിക്കുന്നതെന്നും നിയന്ത്രണാതീതമായ സാഹചര്യങ്ങളില്‍ എയര്‍ലൈനുകള്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിശ്ചിതകാലത്തേക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായി സൈനുല്‍ അബിദീന് നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മറ്റു സാഹചര്യങ്ങളിലെ നിരക്ക് നിയന്ത്രണം വിപണിയെ തകര്‍ക്കും. സമാനമായ മറ്റൊരു ഹര്‍ജി നേരത്തെ ഹൈക്കോടതി തീര്‍പ്പാക്കിയതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യവത്കരണം നടപ്പാക്കിയതോടെ വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സര്‍വീസിന്റെ ചെലവ്, സ്വഭാവം, ന്യായമായ ലാഭം, തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് എയര്‍ലൈനുകള്‍ക്ക് യാത്രാനിരക്ക് നിശ്ചയിക്കാം. സര്‍ക്കാര്‍ ഇടപെടില്ല. യാത്ര ചെയ്യുന്ന ദിവസം, സമയം തുടങ്ങിയവ അടിസ്ഥാനമാക്കി നിരക്കില്‍ മാറ്റം വരുത്തുന്ന അന്താരാഷ്ട്ര രീതിയാണ് ഇവിടെയും എയര്‍ലൈനുകള്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: