വാറങ്കല്‍: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. കുടുംബാധിപത്യ ഭരണത്തില്‍ നിന്നും അഴിമതി ഭരണത്തില്‍ നിന്നും തെലങ്കാനയിലെ ജനങ്ങളെ മോചിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അനുരാഗ് താക്കൂര്‍ വാറങ്കലില്‍ മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി.
കോണ്‍ഗ്രസും ബിആര്‍എസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് മാത്രമാണ്. അഴിമതിയുടെ കാര്യത്തിലും കുടുംബാധിപത്യ ഭരണത്തിലും കെടുകാര്യസ്ഥതയിലുമെല്ലാം ഇരുപാര്‍ട്ടികളും ഒരേപോലെയാണ്. തെലങ്കാന രൂപീകരിച്ച് പത്തുവര്ഷമാകുമ്പോഴേക്കും അഞ്ചു ലക്ഷം കോടി രൂപയുടെ കടത്തിലേക്ക് സംസ്ഥാനം മാറിക്കഴിഞ്ഞു. മിക്ക വികസനപദ്ധതികളും മൂന്നും നാലും ഇരട്ടി പണം ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്നതു പോലെയാണ് തെലങ്കാനയില്‍ ബിആര്‍എസ് സര്‍ക്കാരും മുന്നോട്ട് പോകുന്നത്.
തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടികളുടെ അഴിമതിയാണ് കാണിക്കുന്നത്. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഈ പണം തിരികെ നല്കാന് തെലങ്കാനയിലും അവര്‍ക്ക് അഴിമതി നടത്തേണ്ടിവരും. ബിജെപി തെലങ്കാനയില്‍ മുന്നോട്ട് വെയ്ക്കുന്നത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളാണ്. സമാന മാതൃകയില്‍ സംസ്ഥാനത്തും മികച്ച പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തെ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാനാവുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. രണ്ടുദിവസമായി തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള കേന്ദ്രമന്ത്രി റോഡ് ഷോയും വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടികളും റാലികളും പൊതു പരിപാടികളും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: