ഹേലഖ്നൗ: ശ്രീരാമചരിത മാനസിനെ അവഹേളിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമിപ്രസാദ് മൗര്യക്കെതിരായ കേസ് നിലനില്ക്കും. അനേകായിരങ്ങള്‍ വിശുദ്ധമായി കരുതുന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേസെടുത്ത നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സ്വാമിപ്രസാദ് മൗര്യ നല്കിയ ഹര്‍ജി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി.
ഏതെങ്കിലും പുസ്തകത്തിലോ രേഖയിലോ നല്‍കിയിട്ടുള്ള മൊഴികള്‍ ശരിയായ കാഴ്ചപ്പാടില്‍ വായിക്കണമെന്നും വിലയിരുത്തണമെന്നും കോടതി പറഞ്ഞു. എവിടെനിന്നെങ്കിലും ഏതെങ്കിലും ഭാഗം ഉദ്ധരിച്ച് വ്യാഖ്യാനിക്കുന്നത് യഥാര്‍ത്ഥ പ്രസ്താവനയായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. രാമചരിത മാനസിന്റെ ഈരടികള്‍ മാത്രമാണ് താന്‍ ഉദ്ധരിച്ചതെന്ന എസ്പി നേതാവിന്റെ വാദത്തിന് മറുപടിയായാണ് കോടതിയുടെ പരാമര്‍ശം.
പ്രതാപ്ഗഡിലെ കോട്വാലി സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച കുറ്റപത്രവും കീഴ്ക്കോടതിയുടെ വിജ്ഞാപനത്തിനുള്ള ഉത്തരവുമാണ് സ്വാമി പ്രസാദ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
നിയമത്തിലെയോ ജുഡീഷ്യല്‍ തീരുമാനങ്ങളിലെയോ ഒരു ഭാഗവും അതിന്റെ പ്രസക്തമായ എല്ലാ വ്യവസ്ഥകളും ഇല്ലാതെ അവതരിപ്പിക്കാന്‍ കഴിയില്ല. അതുപോലെതന്നെ രാമചരിത മാനസിന്റെ ഏതെങ്കിലും ഈരടികള്‍ ഉദ്ധരിക്കുമ്പോള്‍ ഏത് കഥാപാത്രമാണ് അത് പറഞ്ഞത്, ഏത് സാഹചര്യത്തിലാണ്, ആരോട് എന്നതും മനസ്സില്‍ ഓര്‍ക്കണം, കോടതി പറഞ്ഞു.
ഹര്‍ജിക്കാരന്റെ നടപടി മൂലം വലിയൊരു ജനവിഭാഗം വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ശ്രീരാമചരിത മാനസ് കത്തിച്ചു. ഇത് വിശ്വാസത്തിന് മേലുള്ള ആക്രമണമായി ഒരു വിഭാഗം ആളുകള്‍ കാണുന്നുണ്ട്. ഹര്‍ജിക്കാരന്റെ പ്രസ്താവനകള്‍ പരസ്പര സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: