ജഷ്പൂര്‍ (ഛത്തിസ്ഗഡ്): മോദി സര്‍ക്കാര്‍ ചന്ദ്രമണ്ഡലത്തില്‍ ശിവശക്തി സ്ഥാന് നിര്‍ണയിച്ചപ്പോള്‍ ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മഹാദേവ് ആപ്പ് വഴി കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാതുവയ്പിന് ഭഗവാന് മഹാദേവന്റെ പേര് പോലും അവര്‍ ഉപയോഗിച്ചു. ‘ബെറ്റ് ഉണ്ടോ ബെറ്റ് ഭൂപേഷ് കാക്കാ…’ എന്നാണ് ഛത്തിസ്ഗഡിലെ കുഞ്ഞുങ്ങള്‍ പോലും പരിഹസിക്കുന്നത്, അമിത് ഷാ ചൂണ്ടിക്കാട്ടി. ജഷ്പൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് എല്ലാം അഴിമതിയുടെ വഴിയാണ്. ലോകത്തിന് മുഴുവന്‍ മോദി സര്‍ക്കാര്‍ കൊവിഡ് വാക്സിന് നല്കി. ഛത്തിസ്ഗഡില്‍ വാക്സിന് മുതല്‍ പിപിഇ കിറ്റ് വരെ എല്ലാത്തിലും അവര്‍ തട്ടിപ്പിന് വഴി തേടി. പാവങ്ങള്‍ വീട് നലകുന്ന പദ്ധതിയില്‍ തട്ടിപ്പ് നടത്തി. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ തട്ടിപ്പ് നടത്തി.
മതംമാറ്റ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ഭൂപേഷ് സര്‍ക്കാര്‍. ഛത്തിസ്ഗഡിലെ ഗോത്രവര്‍ഗ ജനതയെ കമ്യൂണിസ്റ്റ് ഭീകരതയ്ക്കും മതപരിവര്ത്തനശക്തികള്ക്കും എറിഞ്ഞുകൊടുക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരുറപ്പ് ബിജെപി തരുന്നു, ഒരാളെയും അവരുടെ ആഗ്രഹത്തോടെയല്ലാതെ മതം മാറ്റാന്‍ അനുവദിക്കില്ല. ഗോത്ര ജനത സ്വന്തം തനിമയ്ക്കായി തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഛത്തിസ്ഗഡിലുള്ളതെന്ന് അമിത് ഷാ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തെ തടയാന്‍ നടന്നവരാണ് കോണ്‍ഗ്രസുകാര്‍. മോദി അധികാരത്തിലെത്തിയപ്പോള്‍ ഭൂമി പൂജ നടത്തി. ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്നു. ലോകം ആഹ്ലാദത്തിലാണ്. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ആഗ്രഹം. അച്ഛന്റെ സ്വപ്നമെന്നാണ് ഒരു നേതാവ് പറയുന്നത്. എന്തിനാണ് നിങ്ങള്‍ ക്ഷേത്രസമര്പ്പണത്തിന്റെ തീയതി തിരക്കുന്നത്? ദര്‍ശനത്തിന് പോകാനാണോ? മതംമാറ്റാന്‍ കൂട്ടുനില്‍ക്കുന്ന നിങ്ങളാണോ രാംലല്ലയെ കാണാന്‍ പോകുന്നത്?, അമിത് ഷാ ചോദിച്ചു. ഛത്തിസ്ഗഡില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടും. ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: