ഗാന്ധിനഗര്‍ (കോട്ടയം): സര്‍ക്കാര്‍ പണം നല്‍കാത്തതു മൂലം ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ത്തിവച്ചു. ഇതോടെ കോട്ടയം ഉള്‍പ്പടെ സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയകള്‍ അടക്കം സൗജന്യ ചികിത്സകള്‍ മുടങ്ങുന്നു.
ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സൗജന്യ ചികിത്സാ പദ്ധതികളിലേക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് കാരണം. ഇതുമൂലം ശസ്ത്രക്രിയാ അനുബന്ധ ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ ബന്ധുക്കള്‍ വാങ്ങി നല്‍കേണ്ട സ്ഥിതിയാണ്. ന്യൂറോസര്‍ജറി, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി ശസ്ത്രക്രിയ ആവശ്യമുള്ള മുഴുവന്‍ വിഭാഗങ്ങളിലേയും ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായ രോഗികള്‍ ഇതുമൂലം പ്രതിസന്ധിയിലായി.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നല്കിയ ഇനത്തില്‍ 113 കോടിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കാനുള്ളത്. ഇതിനാല്‍ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഉപകരണങ്ങള്‍ നല്കുന്നതില് നിന്ന് പിന്മാറി.
സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, ഫണ്ട് കൃത്യമായി കിട്ടാത്തതിനാല്‍ ആരും ഉപകരണങ്ങള്‍ നല്കാന് തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിക്ക് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഉപകരണങ്ങള്‍ സൗജന്യമായി വാങ്ങാന്‍ ബന്ധപ്പെട്ട വിഭാഗത്തെ ബന്ധുക്കള്‍ സമീപിച്ചു. അപ്പോഴാണ് പദ്ധതിയില്‍ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ പണം കൊടുത്ത് വാങ്ങാന്‍ നിര്‍ദേശിച്ചത്.
ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗിയുടെ ബന്ധുക്കളുടെ കൈവശം പണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ന്യൂറോസര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പണം ശേഖരിച്ച് ഉപകരണം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഇയാളെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: