പുരാണപ്രസിദ്ധരായ ദധ്യങ്, ദധീചി മഹര്‍ഷിമാരുടെ പിതാവായ അഥര്‍വന്‍ (അഥര്‍വാവ്) എന്ന മഹര്‍ഷിയാണ് ആഥര്‍വണ മന്ത്രങ്ങളുടെ ദ്രഷ്ടാവ്. അങ്ഗിരസ്സു മഹര്‍ഷിയുടേതായും പല മന്ത്രങ്ങളും അഥര്‍വവേദത്തില്‍ ഉണ്ടെങ്കിലും അഥര്‍വാവിന്റെ പേരില്‍ തന്നെയാണ് ഈ വേദം പ്രസിദ്ധമായിട്ടുള്ളത്. എന്നാല്‍ അഥര്‍വ്വാങ്ഗിരസവേദം എന്നും ഇതിന് പേരുണ്ട്. യജ്ഞനിര്‍വഹണത്തില്‍ സകല യാഗക്രിയകളുടെയും അദ്ധ്യക്ഷനും ആദ്യാവസാന ഋത്വിക്കുമായ ‘ബ്രഹ്മ’ന്റെ വേദം എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മവേദം എന്നും അഥര്‍വവേദത്തെ പറഞ്ഞു വരുന്നുണ്ട്. (ബ്രഹ്മന്‍ അഥര്‍വ്വവേദിയായിരിക്കണമെന്നാണ് വിധി.)
അഥര്‍വവേദത്തിന് ഒന്‍പതു ശാഖകള്‍ (നവധാ ആഥര്‍വണോ വേദഃ) ഉണ്ടെന്ന് മഹാഭാഷ്യത്തില്‍ നിന്നും ശ്രീമദ്ഭാഗവതത്തില്‍ നിന്നും (12ാം സ്‌കന്ധം 7ാം അദ്ധ്യായം ആദ്യത്തെ മൂന്നു ശ്ലോകങ്ങളില്‍ നിന്നും) മറ്റും മനസ്സിലാകുന്നുണ്ടെങ്കിലും ഇന്നിപ്പോള്‍ ശൗനകശാഖ, പിപ്പലാദശാഖ എന്നിങ്ങനെ രണ്ടു ശാഖകള്‍ മാത്രമേ നിലവിലുള്ളൂ. അതില്‍ തന്നെ ശൗനകശാഖയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. (പ്രസിദ്ധമായ ഗോപഥബ്രാഹ്മണം ഈ ശാഖയുമായി ബന്ധപ്പെട്ടതാണ്.) അഥര്‍വവേദത്തെപ്പറ്റി അല്പം ചിലതു താഴെ കുറിക്കുന്നത് ഈ ശൗനകശാഖയെ അടിസ്ഥാനമാക്കിയാണ്.
ലൗകികവിഷയപ്രാധാന്യം
അഥര്‍വവേദത്തില്‍ 731 സൂക്തങ്ങളുണ്ട്. അവ ഇരുപത് കാണ്ഡങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുന്‍പ് പറഞ്ഞിട്ടുള്ള മറ്റു മൂന്നു വേദങ്ങളും വൈദിക (ശ്രൗത) യജ്ഞങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അഥര്‍വവേദത്തിലെ ഋഗ്വേദോദ്ധൃതമായ ഇരുപതാം കാണ്ഡത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ ശേഷം കാണ്ഡങ്ങളിലെ പ്രതിപാദ്യവിഷയം ഏറിയ കൂറും ജനനം, വിവാഹം, ശവദാഹസംസ്‌കാരം, രാജാക്കന്മാരുടെ രാജ്യാഭിഷേകം സംബന്ധിച്ച കര്‍മ്മങ്ങള്‍, മന്ത്രവാദം, ഗുഹ്യ (രഹസ്യ) വിഷയങ്ങള്‍, ഉത്പാതങ്ങള്‍ ദൂരീകരിക്കല്‍, രോഗശാന്തി, ശത്രുനിഗ്രഹം, ശരീരപോഷണത്തിനും വശീകരണത്തിനും ഉള്ള വിധികള്‍, അനേകമനേകം ഔഷധികളെപ്പറ്റിയുള്ള വിജ്ഞാനം ഇത്യാദികളാണ്. അതുപോലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, രാജവിദ്യ, അദ്ധ്യാത്മവിദ്യ ഇവകളെ സംബന്ധിച്ച അനേകം സൂക്തങ്ങളും അഥര്‍വവേദത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കാലം
അദ്ധ്യാത്മവിദ്യാപരമായ ഒരു സൂക്തത്തില്‍ പരമാത്മതത്ത്വം നാനാ അഭിധാനങ്ങളാല്‍ സ്തുതിക്കപ്പെടുന്നു എന്ന് പറഞ്ഞിരിക്കുന്നു. അതിലൊന്ന് കാലം ആണ്. കാലമാണ് സര്‍വ്വജഗത്തി നേയും പൃഥ്വിയേയും ദ്യോവിനേയും ഉത്പാദിപ്പിക്കുന്നത്. സര്‍വ്വ പ്രപഞ്ചത്തിന്റേയും നിയന്താവും അധിഷ്ഠാതാവും കാലം തന്നെയാണ്. അതില്‍ മനസ്സും പ്രാണനും നാമവും മാത്രമല്ല, സര്‍വ്വ വസ്തുക്കളും സമാഹിതമായിരിക്കുന്നു. അത് എല്ലാത്തിന്റേയും ഈശ്വരനും പ്രജാപതിയുടെ പിതാവും ആണ്. അതിന്റെ സങ്കല്പത്തില്‍ നിന്ന് ഈ ജഗത്ത് ആവിര്‍ഭവിക്കുകയും അതില്‍ പ്രതിഷ്ഠി തമായിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരതത്ത്വത്തെ കാലമായി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സൂക്തം അത്യന്തം മനോഹരവും ദ്രഷ്ടാവായ ഋഷിയുടെ സൂക്ഷ്മവും പ്രഗാഢവുമായ ചിന്തയുടെ ഉദാത്ത നിദര്‍ശനവുമാണ്.
കാലേ തപഃ കാല ജ്യേഷ്ഠം
കാലേ ബ്രഹ്മ സമാഹിതം
കാലോ ഹ സര്‍വ്വശ്വരോ യഃ
പിതാളളസീത് പ്രജാപതേഃ
ഭൂമി സൂക്തം (പൃഥ്വീസൂക്തം)
പന്ത്രണ്ടാം കാണ്ഡത്തിലെ ഭൂമിസൂക്തം (ഒന്നാമത്തെ സൂക്തം) ആഥര്‍വണസംഹിതയിലെ ഐഹിക വിഷയകമായ സൂക്തങ്ങളില്‍ വളരെ വൈശിഷ്ട്യമുള്ളതാണ്. ഭാഷയുടെ ദൃഷ്ടിയിലും ഭാവത്തിന്റെ ദൃഷ്ടിയിലും അത് അനുപമവും അത്യന്തം സരസവുമാണ്. തന്നെയല്ല, പാരിസ്ഥിതിക വിവേകത്തിന്റെ ആദ്യ വിളംബരവും ഈ സൂക്തമാണെന്ന് പറയാവുന്നതാണ്. ‘മാതാ ഭൂമിഃ പുത്രോഹം പൃഥിവ്യാഃ’ ഇത്യാദി സര്‍വരാലും അനുസ്മര്‍ത്തവ്യങ്ങളായ സൂക്തികള്‍ നിറഞ്ഞതാണ് ഈ ഭൂമിസൂക്തം അഥവാ പൃഥ്വീസൂക്തം.
ഇങ്ങനെ മറ്റു വേദങ്ങളില്‍ നിന്ന് തികച്ചും ഭിന്നമായ വിവിധവിഷയങ്ങളാണ് അഥര്‍വവേദത്തില്‍ പൊതുവേ സമാഹരിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഇരുപതാം കാണ്ഡം (ചെറിയ ഒരംശം ഒഴിച്ചാല്‍) ഋഗ്വേദത്തില്‍ നിന്ന് ഉദ്ധൃതമാണ്. അതില്‍ പ്രധാനമായും ഇന്ദ്രനെ പറ്റിയുള്ള സ്തുതിയും സോമയാഗത്തില്‍ ഉപയോഗിക്കേണ്ട മന്ത്രങ്ങളുമാണ് കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: