റിയാദ് (സൗദി അറേബ്യ): ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സംസ്കൃതോത്സവം സംഘടിപ്പിച്ച് ഭാരത എംബസി. സംസ്കൃത ഭാരതിയുമായി ചേര്‍ന്നാണ് നാടകങ്ങളും സംഗീതപരിപാടികളുമൊക്കെയായി സംസ്കൃതോത്സവം അരങ്ങേറിയത്.
ഭാരതത്തിന്റെ സംസ്കാരവും ജീവിതവും വിജ്ഞാനവും ലോകമെമ്പാടും സ്വന്തം ഭാഷയിലെത്തിക്കുന്നതിന്റെ ആദ്യപടിയാണ് സംസ്കൃതോത്സവമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഭാരത അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന് പറഞ്ഞു. ഭാഷ എന്നതിലുപരി സംസ്കൃതത്തിന് വിശുദ്ധിയുടെ തലമുണ്ടെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു.
സംസ്കൃത ഭാഷയുടെ പ്രാധാന്യം മനസിലാക്കി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി നടപ്പാക്കിയത്. പൂര്‍ണമായും സംസ്കൃതഭാഷയില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത് നമ്മുടെ എംബസികളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്.
സംസ്കൃത ഭാഷ പഠിക്കാനും പരിശീലിക്കാനും ഇന്നത്തെ പരിപാടി പ്രചോദനമാകുമെന്നും അംബാസഡര്‍ സൂചിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ ഭാരതീയ സമൂഹം അഭിനയഗീതം, ഗാനഗീതം, സുഭാഷിത നാടകം, പ്രച്ഛന്നവേഷം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: