കൊച്ചി: ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുമ്പോള്‍ എങ്ങനെയാണ് പണമൊഴുക്കി ആഘോഷങ്ങള്‍ നടത്തുകയെന്ന് ഹൈക്കോടതി. കുറേയാളുകളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് ആഘോഷിക്കാനാവുക? ആഘോഷങ്ങളെക്കാള്‍ പ്രാധാന്യം ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി.
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് വിതരണം വൈകുന്നതിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കെഎസ്ആര്‍ടിസി പെന്ഷന് നല്കാന് എന്തു പദ്ധതിയാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് കോടതി ആരാഞ്ഞു. സ്വത്തു വിറ്റ് കെഎസ്ആര്‍ടിസി തന്നെ നോക്കട്ടെയെന്നും സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി ഡോ.വി. വേണു വ്യക്തമാക്കി. കഴിഞ്ഞ തവണ ഹാജരാകാതിരുന്നത് കേരളീയം പരിപാടിയുടെ ഭാഗമായി സെമിനാറുകളില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.
കോടതിക്ക് സെമിനാറുകളെക്കാള്‍ പ്രാധാന്യം കുറവാണോയെന്ന് ചോദിച്ച കോടതി, കുറേയാളുകളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ആഘോഷിക്കാനാവുകയെന്നും ആരാഞ്ഞു. കേസില്‍ നേരത്തേ ഹാജരാകാത്തത് മനഃപൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇത് ഹൈക്കോടതി രേഖപ്പെടുത്തി.
ഓണ്‍ലൈനില്‍ ഹാജരായ ചീഫ് സെക്രട്ടറി, പെന്ഷന് നല്കാന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് അറിയിച്ചു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നു കരകയറ്റാനുള്ള പോംവഴി കമ്പനിയുടെ സ്വത്തു വില്ക്കുകയെന്നതാണ്. ഇതിനു ചില യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ലെന്നും വിശദീകരിച്ചു. ഇത്തരം കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന് ഒന്നര വര്‍ഷമായി കോടതി പറയുന്നുണ്ടെന്ന് ഹൈക്കോടതിയും പ്രതികരിച്ചു. ഇതിനകം 8,000 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും
അറിയിച്ചു.
സപ്തംബറിലെ പെന്ഷന് അനുവദിച്ചെന്നും ഒക്ടോബറിലേത് നവംബര്‍ 30നു നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ നവം. 30ന് ഒക്ടോബറിലെയും നവംബറിലെയും പെന്ഷന് നല്‍കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ അന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും ഓണ്‍ലൈനില്‍ ഹാജരാകണം. പെന്ഷന് വൈകുന്നതിനെതിരേ തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനിടെ പെന്ഷന് സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവു പുനഃപരിശോധിക്കണമെന്ന ഹര്‍ജി വേഗം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതും നവം. 30നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: