മുംബൈ: അഫ്ഗാനിസ്ഥാനെതിരായി ഓസ്ട്രേലിയക്ക് ഉജ്ജ്വല വിജയവും ലോകകപ്പ് സെമി ബെര്‍ത്തും സമ്മാനിച്ച ഗ്ലെന്‍ മാക്സ്വെല്ലിന്റെ പ്രകടനത്തെ അവിശ്വസനീയമെന്നേ വിശേഷിപ്പിക്കാനാകൂ. അഫ്ഗാന് ഉയര്‍ത്തിയ 292 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ ഏഴിന് 91 റണ്‍സ് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് മാക്സ്വെല്ലിന്റെ മാജിക്കല്‍ ഇന്നിങ്സ് പിറന്നത്; ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. വാംഖഡെ സ്റ്റേഡിയത്തിലെ പിച്ചില്‍ നിന്ന് മാക്സ്വെല് ‘ഓടാതെ’ ഓടിക്കയറിയത് ക്രിക്കറ്റ് ചരിത്രത്തിന്റെ ബൗണ്ടറിക്ക് അപ്പുറത്തേക്കാണെന്ന് ഉറപ്പിച്ചു പറയാം.
കളിക്കിടെ പരിക്കേറ്റശേഷം ഓടാന്‍പോയിട്ട് മനസ്സുപറയും പോലെ ചലിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന മാക്സി പിന്നീട് ഒറ്റക്കാലില്‍നിന്ന് അഫ്ഗാന് ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. ഓസീസ് ആരാധകര്‍ക്ക് ആശ്വാസത്തിന്റെ ബൗണ്ടറികള്‍ സമ്മാനിച്ചാണ് ആദ്യം മാക്സ്വെല് തുടങ്ങിയതെങ്കില്‍ ഓരോ ഓവര്‍ പിന്നിടുമ്പോഴും ആ ആശ്വാസം പ്രതീക്ഷയിലേക്കും അവിടെ നിന്ന് ആത്മവിശ്വാസത്തിലേക്കും വളര്‍ന്നു. കാലിനേറ്റ പരിക്ക് ഇടയ്ക്കിടെ വീഴ്ത്താന്‍ നോക്കിയെങ്കിലും അതൊന്നും മാക്സ്വെല് കാര്യമാക്കിയില്ല. പരിക്ക് കൂടുതല്‍ പ്രശ്നമായതോടെ സിംഗിളും ഡബിളും ഉപേക്ഷിക്കാന്‍ മാക്സ് തീരുമാനിച്ചു. ഇടയ്ക്ക് റണ്ണെടുക്കുന്നതിനിടെ ഗ്രൗണ്ടില്‍ ഗ്ലെന്‍ മൈതാനത്ത് വീണു. താരം കളംവിടുമെന്നും പകരം ആദം സാംപ ക്രീസിലെത്തുമെന്നാണ് ക്രിക്കറ്റ് ലോകം കണക്കുകൂട്ടിയത്. അതുണ്ടായില്ല, പിന്നെ സംഭവിച്ചത് സുവര്‍ണ്ണ ചരിത്രം. ജയിക്കാന്‍ വേണ്ട 102 റണ്‍സില്‍ 98 ഉം നേടിയത് ഒറ്റക്കാലിലെന്ന് പറയാം.
എട്ടാം വിക്കറ്റില്‍ നായകന് പാറ്റ് കമ്മിന്‍സിനെ ഒപ്പം നിര്‍ത്തി മാക്സ്വെല് കൊടുങ്കാറ്റായതോടെ അഫ്ഗാന് ചിത്രത്തിലേ ഇല്ലാതാകുകയായിരുന്നു. 202 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മാക്സ്വെല് കമ്മിന്‍സിനൊപ്പം പടുത്തുയര്‍ത്തിയത്. ഇതില്‍ 12 റണ്‍സ് മാത്രമായിരുന്നു ഓസീസ് നായകന്റെ സംഭാവന. 179 റണ്‍സ് മാക്സ്വെല് മാത്രം അടിച്ചുകൂട്ടി. ബാക്കി 11 എക്സ്ട്രാ ഇനത്തിലായിരുന്നു.
1983ലെ ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ഭാരത നായകന് കപില്‍ ദേവിന്റെ 175 റണ്‍സുള്‍പ്പടെ നിരവധി ഒറ്റയാള്‍ പോരാട്ടങ്ങള്‍ കണ്ടിട്ടുണ്ട് ക്രിക്കറ്റ് ലോകം. എന്നാല്‍ മാക്സ്വെല്ലിന്റെ പോരാട്ടം അതിനെയെല്ലാം മറികടക്കുന്നതായിരുന്നു. 11 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ മാക്സ്വെല് 100 പന്തിലേറെ നേരിടുന്നതും ആദ്യമായിട്ടായിരുന്നു. ഫീല്‍ഡിലെ പഴുതുകള്‍ അനായാസം കണ്ടെത്തിയ മാക്സ്വെല്ലിന്റെ ബാറ്റില്‍ പിറന്നത് അസാധാരണ ഷോട്ടുകള്‍. റണ്‍പിന്തുടര്‍ന്ന് ഇരട്ട സെഞ്ചുറിയില്‍ എത്തുന്ന ആദ്യ താരമായ മാക്സ്വെല്ലിന്റെ ഇന്നിംഗ്സില്‍ 21 ഫോറും 10 സിക്സും ഉണ്ടായിരുന്നു.
തിരുത്തിയത് അനവധി റിക്കാര്‍ഡുകള്‍
ഈ മാസ്മരിക ഇന്നിങ്സിലൂടെ ഗ്ലെന്‍ മാക്സ്വെല് നിരവധി റിക്കാര്‍ഡുകളും മാറ്റിക്കുറിച്ചു.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണ് മാക്സ്വെല്ലിലൂടെ പിറവിയെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ 11-ാമത്തേതും. 2011-ല്‍ ബംഗ്ലാദേശിനെതിരെ ഷെയ്ന് വാട്സണ് പുറത്താകാതെ കുറിച്ച 183 റണ്‍സ് എന്നതായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്റെ ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമംഗം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ മാക്സ്വെല്ലിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. പാകിസ്ഥാന്റെ ഫഖര്‍ സമാന്റെ പേരിലുള്ള റിക്കാര്‍ഡാണ് മാക്സ്വെല് തിരുത്തിയത്. 2021-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 193 റണ്‍സ് നേടിയതായിരുന്നു ഫഖര്‍ സമാന്റെ റിക്കാര്‍ഡ്.
ഓപ്പണര്‍ അല്ലാത്ത ബാറ്റ്സ്മാന് ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന സ്ഥാനവും മാക്സ്വെല്ലിന്റെ പേരിലായി. 2009-ല്‍ സിംബാവെയുടെ ചാള്‍സ് കോവെന്‍ട്രി ബംഗ്ലാദേശിനെതിരെ എടുത്ത 194 റണ്‍സ് എന്ന റിക്കാര്‍ഡും മാക്സ്വെല് തിരുത്തി.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഇരട്ട സെഞ്ചുറിയാണിത്. 2015-ല്‍ സിംബാവെയ്ക്കെതിരെ വിന്‍ഡീസ് താരം ക്രിസ്ഗെയിലും (215), വെസ്റ്റിന്‍ഡീസിനെതിരെ ന്യൂസീലന്‍ഡ് താരം മാര്‍ടിന്‍ ഗുപ്റ്റിലും (237)മാണ് മുന്‍പ് ലോകകപ്പില്‍ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയിട്ടുള്ളത്.
ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറി മാക്സ്വെല്ലിന്റെ പേരിലായി. 128-പന്തില്‍ നിന്നാണ് മാക്സ്വെല് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ഇഷാന് കിഷന് 126 പന്തില്‍ നിന്നടിച്ച ഇരട്ട സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്.
അഫ്ഗാനിസ്ഥാനെതിരെ മത്സരത്തില്‍ 10 സിക്സറുകള്‍ നേടിയതടക്കം മാക്സ്വെല് തന്റെ ലോകകപ്പ് കരിയറില്‍ ഇതുവരെ 33 സിക്സറുകള്‍ പറത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (45), വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് (49) എന്നിവരാണ് മാക്സ് വെല്ലിന്റെ മുന്നിലുള്ളത്.
എട്ടാം വിക്കറ്റില്‍ ലോകകപ്പിലെയും ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് മാക്സ്വെലും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്നുണ്ടാക്കിയത്. 202 റണ്‍സാണ് ഇവര്‍ സ്വന്തമാക്കിയത്. 1987ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ സിംബാബ്വെയും ഡേവിഡ് ഹുട്ടനും ഇയാന്‍ ബുച്ചര്‍ട്ടും ചേര്‍ന്ന് നേടിയ 117 റണ്‍സിന്റെയും 2006-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഭാരതത്തിനെതിരെ അവരുടെ ജസ്റ്റിന് കെംപും ആന്‍ഡ്രൂ ഹാളും ചേര്‍ന്ന് നേടിയ 138 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് മാക്സ്വെല്ലിന്റെയും കമ്മിന്‍സിന്റെയും മുന്നില്‍ തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: