മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ബാഴ്സലോണയ്ക്കും പിഎസ്ജിക്കും ഞെട്ടിക്കുന്ന തോല്‍വി. അതേസമയം അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്ട്മണ്ട്, എസി മിലാന് ടീമുകള്‍ മികച്ച വിജയം നേടി.
ഗ്രൂപ്പ് എച്ചില് നടന്ന എവേ മത്സരത്തില്‍ ഉക്രെയ്നിയന് ക്ലബ് ഷക്തര്‍ ഡൊണെറ്റ്സ്കിനോടാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ തോല്‍വി. കളിയുടെ 40-ാം മിനിറ്റില്‍ ഡാനിലോ സികനാണ് ഷക്തറിന്റെ വിജയഗോള്‍ നേടിയത്. പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്സയായിരുന്നു മുന്നിട്ടുനിന്നതെങ്കിലും അവരുടെ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി പോര്‍ട്ടോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോയല്‍ ആന്റ്വെര്‍പ്പിനെ പരാജയപ്പെടുത്തി. പരാജയപ്പെട്ടെങ്കിലും നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി ബാഴ്സയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇതേ പോയിന്റുമായി പോര്‍ട്ടോ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. മൂന്നാമതുള്ള ഷക്തറിന് 6 പോയിന്റാണുള്ളത്. കളിച്ച നാല് കളികളിലും തോറ്റ ആന്റ്വെര്പ്പിന് അക്കൗണ്ട് തുറക്കാനായില്ല.
ഗ്രൂപ്പ് ജിയില്‍ ഹാളണ്ടിന്റെ ഇരട്ട ഗോള്‍ കരുത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യങ് ബോയ്സിനെ തകര്‍ത്തു. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 51-ാം മിനിറ്റിലുമാണ് ഹാളണ്ട് ലക്ഷ്യം കണ്ടത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ഫില്‍ ഫോഡനും സിറ്റിക്കായി ഗോളടിച്ചു. മറ്റൊരു കളിയില്‍ ആര്‍ബി ലീപ്സിഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ കീഴടക്കി. കളിച്ച നാല് കളികളും ജയിച്ച് 12 പോയിന്റുമായി സിറ്റിയും മൂന്ന് വിജയവുമായി 9 പോയിന്റോടെ ലീപ്സിഗും നോക്കൗട്ട് റൗണ്ടിലെത്തി.
ഗ്രൂപ്പ് എഫിലെ എവേ മത്സരത്തില്‍ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങിയത് എസി മിലാനോടാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു പിഎസ്ജിയുടെ തോല്‍വി. ഒമ്പതാം മിനിറ്റില്‍ സ്കിനിയര് നേടിയ ഗോളിന് പിഎസ്ജി മുന്നിലെത്തി. എന്നാല്‍ 12-ാം മിനിറ്റില്‍ റാഫേല്‍ ലിയോയിലൂടെ മിലാന് സമനില പിടിച്ചു. പിന്നീട് 50-ാം മിനിറ്റില്‍ മിലാന്റെ വെറ്ററന്‍ താരം ഒളിവര്‍ ഗിറൗഡ് ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ പരാജയം രുചിച്ചു. മറ്റൊരു കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. 26-ാം മിനിറ്റില്‍ നിക്കളാസ് ഫുള്കുര്ഗും 79-ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാന്ഡറ്റുമാണ് ഡോര്‍ട്ട്മണ്ടിന്റെ ഗോളുകള്‍ നേടിയത്. 7 പോയിന്‍ുമായി ബൊറൂസിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. തോറ്റെങ്കിലും 6 പോയിന്റുമായി പിഎസ്ജി രണ്ടാമതും മിലാന് 5 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
ഗ്രൂപ്പ് ഇയില്‍ അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ തകര്‍ത്തു. ഗ്രിസ്മാന്, മൊറാട്ട എന്നിവര്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ സാമുവല്‍ ലിനോ, സോള്‍ നിഗ്വസ് എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു. മറ്റൊരു കളിയില്‍ ലാസിയോ 1-0ന് ഫെയ്നൂര്‍ദിനെ പരാജയപ്പെടുത്തി. നാല് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി അത്ലറ്റികോയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 7 പോയിന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തും 6 പോയിന്റുമായി ഫെയ്നൂര്‍ദ് മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: