കെ.പി. ഹരിദാസ്
ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യവേദി
എട്ടുപതിറ്റാണ്ടിന്റെ വിനയാന്വിത ജീവിതത്തില്‍നിന്ന് വിട പറഞ്ഞ് ഡോ.ജി.കേശവന് കുട്ടി യാത്രയാവുന്നു. ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന അയുര്‍വേദ ഡോക്ടര്‍, ഉത്തമ സ്വയം സേവകന്, നിഷ്ഠാവാനായ കാര്യകര്‍ത്താവ്, മാതൃകാ കുടുംബനാഥന്, സമൂഹം അംഗീകരിച്ച പൊതുപ്രവര്ത്തകന്, സൗമ്യതയുടേയും, സമചിത്തതയുടേയും സ്നേഹത്തിന്റേയും ശാന്തതയുടേയും പ്രതീകം. വിശേഷണങ്ങള്‍ അനവധി.
1984ല്‍ മരണമടഞ്ഞ ചങ്ങനാശ്ശേരി താലൂക്ക് സംഘചാലക് ചമ്പക്കര ഗോപിനാഥക്കുറുപ്പിന്റെ ഏഴ് മക്കളില്‍ മൂത്തയാള്‍. ഗോപിനാഥ കുറുപ്പാണ് കോട്ടയത്തെ ശ്രീരംഗം സിവിഎന്‍ കളരിക്ക് അടിത്തറ പാകിയത്. ആ ജീവിതം തന്നെയാണ് ജി.കേശവന് കുട്ടിയും പിന്തുടര്ന്നത്. അച്ഛന് ആര്‍എസ്എസ് സംഘചാലകായി പ്രവര്‍ത്തിച്ച താലൂക്ക് പിന്നീട് വിഭജിക്കപ്പെട്ട് കറുകച്ചാല്‍ താലൂക്ക് ആയപ്പോള്‍ സഹസംഘചാലക് ആയി. പി.ടി. ഭാസ്ക്കരപണിക്കര്‍ സാറിന്റെ മരണശേഷം സംഘചാലകായി. ഒരേ താലൂക്കില്‍ അച്ഛനും മകനും ഒരേ ചുമതലയില്‍ ദീര്‍ഘകാലം ഇരിക്കുക അപൂര്‍വ്വതയാകാം.
കറുകച്ചാലിലേയും നെത്തല്ലൂരിലേയും സംഘ വളര്‍ച്ചയില്‍ ഡോ.ജി.കേശവന്‍കുട്ടിയുടെയുടേയും കുടുംബത്തിന്റേയും പങ്ക് വിസ്മരിക്കാനാവില്ല. നെത്തല്ലൂരിലെ ഏകാത്മതാ കേന്ദ്രത്തിന്റെ പ്രേരണാ കേന്ദ്രം ഇദ്ദേഹമാണ്. ചമ്പക്കര ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ പിന്നിലും നിശ്ശബ്ദ തേരാളിയായിരുന്നു ജി.കേശവന്‍കുട്ടി. ശിശു മന്ദിരമായി ആരംഭിച്ച് പടര്‍ന്നു പന്തലിച്ച ശാരദാ വിദ്യാമന്ദിരത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന രക്ഷാധികാരിയും ശ്രീനാരായണ ദര്‍ശനങ്ങളില്‍ അഗാധ പാണ്ഡിത്യവുമുള്ള കെ.എന്‍. രവീന്ദ്രനാഥിനെ സാമൂഹ്യ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ചത് അദ്ദേഹമാണ്.
നാല് പെണ്മക്കളില് ഒരാള്‍ അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ സ്മരണ നിലനിര്‍ത്താന്‍ സ്വന്തം ഭവനത്തില്‍ തന്നെ ജ്യോതിര്‍മയി ബാലികാസദനം ആരംഭിച്ചു. നിരാംലംബരായ നിരവധി ബാലികമാര്‍ക്ക് അദ്ദേഹം അച്ഛനായിരുന്നു. സംഘത്തിന്റെ സേവാവിഭാഗിന്റെ കീഴില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ബാലികാസദനങ്ങളില്‍ ഒന്നാണ് ഇന്ന് ജ്യോതിര്‍മയി ബാലികാസദനം
നെത്തല്ലൂരിലെ വിശ്വാലയം ഏതൊരു പൊതുപ്രവര്‍ത്തകനും ഏതു സമയത്തും കയറി ചെല്ലാന്‍ കഴിയുന്നിടം. വിശന്ന് ചെന്നാല്‍ ഒരു നേരത്തെ ആഹാരം അവിടെ കിട്ടും. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം വിളമ്പി ഒരുമിച്ച് മന്ത്രം ചൊല്ലി കഴിക്കുന്നിടം. ഏകാത്മതാ സ്തോത്രം ചൊല്ലുന്ന വീട്. സംഘത്തിലൂടെ ആര്‍ജിച്ചതെല്ലാം സ്വന്തം കുടുംബത്തില്‍ അനുവര്‍ത്തിച്ച അനുകരണീയനായ സാധകന്. അതായിരുന്നു ജി.കേശവന് കുട്ടി.
ഭാസ്ക്കര്‍ റാവുജിയും പരമേശ്വര്‍ജിയും ആര്. ഹരിയേട്ടനും സേതുവേട്ടനും പി.ആര് ശശിയേട്ടനും കുമ്മനവും സദാനന്ദ കാക്കഡെജിയുമുള്‍പ്പെടെ എത്രയോപേര്‍ അദ്ദേഹത്തിന്റെ കൈപുണ്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു. വിശ്വാലയത്തിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ കിടത്തി ചികിത്സയില്ല. എങ്കിലും പ്രചാരകന്‍മാരായവര്‍ക്ക് അവിടെ താമസിച്ച് ചികിത്സ തുടരാനായി. സാധാരണക്കാരായ ആര്‍ക്കും ഇവിടെ ചികിത്സയുണ്ട്. പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കുന്നിടമായിരുന്നില്ല അദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രം. വിയോഗം ഈശ്വര നിയോഗമാണെങ്കിലും ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ലെന്ന് തോന്നല്‍. ജീവിതദൗത്യം പൂര്‍ത്തിയാക്കി വിജയശ്രീലാളിതനായി മടങ്ങുമ്പോള്‍ എവിടെയോ ഒരു തേങ്ങല്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: